മലിനീകരണം ബോദ്ധ്യപ്പെട്ടു
ഉടൻ റിപ്പോർട്ട് സമർപ്പിക്കും
ആലുവ: നഗരത്തിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന സിമന്റ് ഗോഡൗൺ സൃഷ്ടിക്കുന്ന മലിനീകരണം പരിശോധിക്കാനെത്തിയ നഗരസഭ കൗൺസിലർമാരെ നാട്ടുകാർ തടഞ്ഞു. മലിനീകരണം ബോദ്ധ്യപ്പെട്ടെന്നും കൗൺസിൽ മുമ്പാകെ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും കൗൺസിലർമാർ നാട്ടുകാർക്ക് ഉറപ്പ് നൽകി.
ഇന്നലെയാണ് പുളിഞ്ചോട് പറാട്ട് ലൈനിന് സമീപം പ്രവർത്തിക്കുന്ന സിമന്റ് ഗോഡൗൺ സന്ദർശിക്കാൻ നഗരസഭ ഹെൽത്ത്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റികളെത്തിയത്. റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടുകാർ നഗരസഭക്കും മനുഷ്യാവകാശ കമ്മീഷനും മലിനീകരണം സൃഷ്ടിക്കുന്ന സിമന്റ് ഗോഡൗണിനെതിരെ പരാതി നൽകി. ലൈസൻസ് റദ്ദാക്കിയതിനെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് തീരുമാനമെടുക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് വിഷയം കൗൺസിൽ മുമ്പാകെ വന്നപ്പോൾ ഭൂരിഭാഗം വിഭാഗം കൗൺസിലർമാരും ഗോഡൗണിന് എതിരായ നിലപാട് സ്വീകരിച്ചു. തുടർന്നാണ് കൗൺസിലർമാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ തീരുമാനമുണ്ടായത്.
ഗോഡൗണിനെ അനുകൂലിച്ചവരും സന്ദർശക സംഘത്തിൽ ഉണ്ടായതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. മഴക്കാലത്ത് പരിശോധിക്കുന്നത് ഉടമയെ സഹായിക്കാനാണെന്നും ആരോപിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം കൗൺസിലർമാരും ഗോഡൗൺ അടച്ചുപൂട്ടണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ സുരേഷ് പറാട്ട്, ആർ. ദിനേശ്, അനുപമ എന്നിവർക്കാെപ്പം വാർഡ് കൗൺസിലർമാരായ കെ.കെ. ചന്ദ്രൻ, ജെബി മേത്തർ, എ.സി. സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടിമ്മി ബേബി, ജെറോം മൈക്കിൾ, ഓമന ഹരി, അംഗങ്ങളായ രാജീവ് സക്കറിയ, മനോജ് ജി. കൃഷ്ണൻ, പി.എം. മൂസാക്കുട്ടി, സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.