കൊച്ചി : ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് ജേക്കബ് തോമസിനെതിരെ നടക്കുന്ന വിജിലൻസ് അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വ്യക്തമാക്കി. വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇൗ ഘട്ടത്തിൽ ഇടപെടുന്നില്ല. ഇത്തരം കേസുകളുടെ അന്വേഷണത്തിൽ കോടതികൾ ഇടപെടുന്നത് സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. ഗൗരവമുള്ളതാണെങ്കിലും വർഷങ്ങൾ മുമ്പുള്ള ആരോപണത്തിന്റെ കാലത്ത് അദ്ദേഹത്തെ എ.ഡി.ജി.പിയും പിന്നീട് ഡി.ജി.പി റാങ്ക് നൽകി വിജിലൻസ് ഡയറക്ടറുമാക്കിയത് കാണാതിരിക്കാനാവില്ലെന്നും സി.എ.ടി ബെഞ്ച് അഭിപ്രായപ്പെട്ടു.
2010 - 2011 കാലഘട്ടത്തിൽ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിലെ അന്വേഷണത്തിന്റെ പേരിൽ 2018 ഡിസംബർ 19 മുതൽ ജേക്കബ് തോമസിന്റെ സസ്പെൻഷൻ നീട്ടി. അതും നിലവിലെ സസ്പെൻഷൻ കാലാവധി കഴിയുന്ന അതേ ദിവസം. ഇതു യാദൃച്ഛികമായിരിക്കാം. ഡി.ജി.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഹർജിക്കാരൻ. അഴിമതിക്കേസിൽ രണ്ടു വർഷത്തിലേറെ സസ്പെൻഷൻ നീളരുതെന്നു ആൾ ഇന്ത്യ സർവീസ് (ഡിസിപ്ളിൻ ആൻഡ് അപ്പീൽ) നിയമത്തിൽ പറയുന്നുണ്ടെങ്കിലും രണ്ടുവർഷം വരെ സസ്പെൻഡ് ചെയ്യാമെന്ന് ഇതിനെ വ്യാഖ്യാനിക്കരുത്. - സി.എ.ടി ഉത്തരവിൽ പറയുന്നു.
ജേക്കബ് തോമസിന്റെ വാദം
അഴിമതിക്കെതിരെ സ്വീകരിച്ച നടപടികളിൽ പല സർക്കാർ ഉദ്യോഗസ്ഥർക്കും എതിർപ്പുണ്ട്. ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണം ഉന്നയിച്ച പരാതിക്കാരൻ സത്യൻ നരവൂരിനെതിരെ മണൽ ഖനനത്തിലെ ക്രമക്കേടുകളുടെ പേരിൽ നടപടിയെടുത്തിരുന്നു. തനിക്കെതിരെ എതിർപ്പുള്ള ഉദ്യോഗസ്ഥർ ഇയാളുമായി ചേർന്ന് പ്രോസിക്യൂട്ട് ചെയ്യാൻ നോക്കുകയാണ്. ഡ്രഡ്ജർ വാങ്ങിയത് നടപടിക്രമങ്ങൾ പാലിച്ചാണ്. പൊതുതാത്പര്യം മുൻനിറുത്തിയല്ല സസ്പെൻഷൻ നടപടികൾ സ്വീകരിച്ചത്. സസ്പെൻഷൻ ഉത്തരവിറങ്ങി ഒരു മാസത്തിനുള്ളിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങണമെന്ന നിയമം പാലിച്ചില്ല.
സർക്കാർ വാദം
ഒരുമാസത്തിനുള്ളിൽ കേന്ദ്രാനുമതി വാങ്ങുകയോ നിയമാനുസൃതം അച്ചടക്ക നടപടികൾ സ്വീകരിക്കുകയോ വേണമെന്നാണ് നിയമം. അച്ചടക്ക നടപടികൾ സ്വീകരിച്ചതിനാൽ കേന്ദ്ര അനുമതി ആവശ്യമില്ല. ഇൗ വാദം കേന്ദ്ര സർക്കാരും അംഗീകരിച്ചു. ഡ്രഡ്ജർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ നിന്ന് ഹർജിക്കാരന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ടെൻഡർ നടപടികളിലുൾപ്പെടെ ക്രമക്കേടുണ്ട്.