കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഇ ഗവേണൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എ.സി.മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് തിരുവനന്തപുരത്ത് യോഗം നടക്കാനിരിക്കെ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇ ഗവേണൻസ് പദ്ധതിയിലെ കോടികളുടെ അഴിമതിയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണിയാണ് ആദ്യം തറയിൽ ഇരിപ്പുറപ്പിച്ചത്. പിന്നാലെ മറ്റ് കൗൺസിലർമാരും ചേർന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളായ സ്മാർട്ട് സിറ്റി പദ്ധതിയിലും അമൃത് പദ്ധതിയിലും ലഭ്യമാകുന്ന കോടികൾ പാഴായി പോകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി യുടെ രണ്ട് കൗൺസിലർമാരും പ്രതിപക്ഷ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
# പ്രതിപക്ഷത്തിന്റെ വിമർശനം
2020ൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ കാലവധി അവസാനിക്കുമെന്ന് കെ.ജെ.ആന്റണി പറഞ്ഞു. നാലുവർഷമായി ചെയ്യാനാവാത്തത് ഇനിയുള്ള ഏഴുമാസം കൊണ്ട് എങ്ങനെ പ്രാവർത്തികമാക്കും. മെട്രോയ്ക്കായി വാങ്ങിയ സൈക്കിളുകൾ തുരുമ്പെടുത്ത് നശിക്കുമ്പോഴാണ് ടെൻഡർ പോലും ഇല്ലാതെ സ്മാർട്ട് സിറ്റി പദ്ധതിയിൽ 10 കോടി രൂപ സൈക്കിൾ വാങ്ങാനായി നിശ്ചയിച്ചിരിക്കുന്നത്. 180 കോടി രൂപയാണ് റോഡ് നിർമ്മാണത്തിനായി ലഭ്യമായത്. 10 കോടി സോളാറിനായും നീക്കിവെച്ചിട്ടുണ്ട്. ഇവയൊന്നും നടപ്പായിട്ടില്ല. അമൃത് പദ്ധതിയിൽ സീവേജ് പ്ലാന്റിനായി ലഭ്യമായ 268 കോടിയും നഷ്ടപ്പെടുത്തി.
2011ൽ ആരംഭിച്ച ഇ ഗവേണസ് പദ്ധതി ഇപ്പോഴും അവതാളത്തിലാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് വി പി ചന്ദ്രൻ പറഞ്ഞു.
#സ്മാർട്ട് സിറ്റി സുതാര്യമെന്ന് മേയർ
സ്മാർട്ട് സിറ്റി പദ്ധതി നടത്തിപ്പിനായി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് ( സി.എസ്.എം.എൽ ) എന്ന പേരിൽ എസ്.പി.വി രൂപീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി അടങ്ങുന്ന 15 അംഗ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ഐ.പി ഗ്ലോബൽ എന്ന കമ്പനിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. എല്ലാം സുതാര്യമാണെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.
#സീവേജ്,സെപ്റ്റേജ് പ്ളാന്റിനായി അമൃത് പദ്ധതിയിൽ 103 കോടിയാണ് ലഭ്യമാക്കിയത്.
ഇളംകുളം പ്ളാന്റിന് 13.7 കോടി
15,16,17 ഡിവിഷനുകളിലെ കേന്ദ്രീകൃത പ്ളാന്റിന് 44.5 കോടി
1-5 വരെയുള്ള ഡിവിഷനുകൾക്കായി 44.5 കോടി.
വാട്ടർ അതോറിറ്റിയാണ് വർക്കുകൾ നടപ്പാക്കുന്നത്.
ഇന്നത്തെ യോഗത്തിൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ടു നീങ്ങുമെന്ന് മേയർ പറഞ്ഞു. അതേസമയം മേയറുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി..