ആലുവ: എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ആലുവ ഗവ. ആശുപത്രി കവലയിലെ ഹൈമാസ്റ്റ് ലാമ്പ് ഉദ്ഘാടനം സി.പി.എം പരിപാടിയാക്കിയെന്ന് നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു. ഇന്നസെന്റ് എം.പിയായിരിക്കെ അനുവദിച്ച അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിച്ചത്.
നഗരസഭയുമായി ആലോചിക്കാതെ സി.പി.എം പ്രതിനിധിയായ കൗൺസിലർ ഉദ്ഘാടനം നിശ്ചയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് വൈകിട്ട് ഉദ്ഘാടനം ചെയ്യുകയാണെന്ന വിവരം കൗൺസിലർഫോണിൽ അറിയിച്ചത്. നഗരസഭയുമായി ആലോചിക്കാത്ത നടപടി ശരിയല്ലെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവാണ് സമയവും ഉദ്ഘാടകനെയുമെല്ലാം നിശ്ചയിച്ചതെന്നായിരുന്നു വിശദീകരണം. നേരിട്ടെത്തി കൂടുതൽ വിശദമാക്കാമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. എം.പി ഫണ്ട് ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി ആരംഭിക്കുമ്പോൾ എം.പിയെ അറിയിക്കണമെന്നത് മര്യാദയാണ്. എം.പി മാറിയത് കൊണ്ട് എം.പി ഫണ്ട് മാറുന്നില്ലെന്നും തിരിച്ചറിയണം.
ജി.സി.ഡി.എ ചെയർമാൻ വി. സലീം ഹൈമാസ്റ്റ് ലാമ്പിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, കൗൺസിലർ ഷൈജി രാമചന്ദ്രൻ, എൻ.സി.പി നേതാവ് രാജു തോമസ്, പി.എം. സഹീർ എന്നിവർ പങ്കെടുത്തു.