കോലഞ്ചേരി: പുത്തൻകുരിശ് കരിമുകൾ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, റോഡ് പുറമ്പോക്ക് കൈയേറ്റങ്ങൾ ഒഴിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊതാമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനിയറെ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ചേർന്ന് പുത്തൻകുരിശിൽ തടഞ്ഞുവെച്ചു. ഇന്നലെ രാവിലെ 11 മണിയോടെ പുത്തൻകുരിശ് ഗസ്റ്റ് ഹൗസിനു മുന്നിൽ വച്ചാണ് തടഞ്ഞത്. റോഡു നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനെത്തിയതായിരുന്നു എൻജിനിയർ.
തുടർന്ന് നേതാക്കളുമായി നടത്തിയ ചർച്ചയിൽ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുമെന്നും സമയബന്ധിതമായി പണി പൂർത്തിയാക്കാമെന്നും റോഡ് പുറംപോക്ക് പതിച്ചു കൊടുത്തിട്ടില്ലെന്നും അക്കാര്യം അന്വേഷിച്ച് നടപടി എടുക്കുമെന്നുള്ള ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. സമരത്തിന് വത്സലൻ പിള്ള, ബെന്നി പുത്തൻവീടൻ, മനോജ് കാരക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.