ആലുവ: കർക്കടക വാവ് ബലിതർപ്പണത്തോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഗതാഗത നിയന്ത്രണവും ഉണ്ടാകും. ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷ ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
പോക്കറ്റടിക്കാരെയും പിടിച്ചുപറിക്കാരെയും മറ്റും നിരീക്ഷിക്കുന്നതിനായി മഫ്തി പൊലീസ് ഉൾപ്പെടുന്ന പ്രത്യേക സ്‌ക്വാഡ് ഉണ്ടാകും. വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ കാമറകളുണ്ട്. .
# ഗതാഗത നിയന്ത്രണം
കർക്കടകവാവിനോടനുബന്ധിച്ച് നാളെ പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് 12 വരെ താഴെ നഗരത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും.
നിയന്ത്രണങ്ങൾ ചുവടെ: തോട്ടയ്ക്കാട്ടുക്കരയിൽ നിന്നും പറവൂർ കവലയിൽ നിന്നും മണപ്പുറത്തേയ്ക്ക് ഗതാഗതം അനുവദിക്കില്ല. ഇവിടെ റോഡിന്റെ ഇരുസൈഡിലും വാഹന പാർക്കിംഗ് പാടില്ല. എറണാകുളത്ത് നിന്നുവരുന്ന സ്വകാര്യബസുകൾ പുളിഞ്ചോട് ജംഗ്ഷനിൽ നിന്ന് കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കണം. തിരികെ പമ്പ് ജംഗ്ഷൻ വഴി പോകണം. ബാങ്ക് കവല മുതൽ ടൗൺ ഹാൾ റോഡ് വരെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കില്ല. പെരിയാറിന് കുറുകെ കടത്തുവഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കില്ല.
# മറ്റ് ക്രമീകരണങ്ങൾ
മെഡിക്കൽ ഓഫീസേഴ്‌സിന്റെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് പ്രവർത്തിക്കും. റെയിൽവെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പൊലീസുണ്ടാകും. പ്രധാന കവലകളിലും തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി കാമറകൾ സ്ഥാപിക്കും. മണപ്പുറം നടപ്പാലത്തിൽ പൊലീസ് നിയന്ത്രണമുണ്ടാകും.