കൊച്ചി : ഇ -ഗവേണൻസ് പ്രതിസന്ധിക്ക് ആറു മാസത്തിനുള്ളിൽ പരിഹാരം കണ്ടെത്താൻ മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യോഗം തീരുമാനമെടുത്തു. മേയർ സൗമിനി ജെയിൻ , ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ഐ.ടി. മിഷൻ ഡയറക്ടർ ചിത്ര, കോർപ്പറേഷൻ സെക്രട്ടറി വി.എസ്. അനു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

# നിർണായക തീരുമാനങ്ങൾ

1 ആറു മാസത്തിനകം ടി.സി.എസ് എല്ലാ മൊഡ്യുളുകളും പൂർത്തിയാക്കണം.

2 ഐ.കെ.എം ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കണം.

3 വിപ്രോ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കും.

4 പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ടി.സി.എസിന്റെയും ഐ.കെ.എമ്മിന്റെയും രണ്ടും വിപ്രോയുടെ ഒരു ജീവനക്കാരനെയും കോർപ്പറേഷൻ ഓഫീസിൽ താത്കാലികമായി നിയോഗിക്കും.

5 രണ്ട് ഐ.ടി. ഓഫീസർമാരെ നിയമിക്കുന്നതിന് കോർപ്പറേഷന് അനുമതി.

# കുത്തിയിരിപ്പ് സമരം

ഗ്രാമപഞ്ചായത്തുകളിൽ വരെ ഓൺലൈനായി കെട്ടിട നികുതിയും പ്രൊഫഷണൽ ടാക്സും അടയ്ക്കാൻ സൗകര്യമുള്ളപ്പോൾ കൊച്ചി നഗരവാസികൾ പണം അടയ്ക്കാൻ ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടിലായിരുന്നു. ഓൺലൈൻ സംവിധാനം നടപ്പാക്കുന്ന സ്വകാര്യ ഏജൻസിയായ ടി.സി.എസ് തർക്കത്തെ തുടർന്ന് പിൻവാങ്ങിയതോടെ മാസങ്ങളായി പദ്ധതി അവതാളത്തിലാണ്.

കഴിഞ്ഞ കൗൺസിൽ ഇ ഗവേണൻസ് നടത്തിപ്പ് ടി.സി.എസിനെ ഏല്പിച്ചു

കരാർ തുക - 8.1 കോടി

ഇതുവരെ നൽകിയത് - 4.94 കോടി

ബാക്കി പണത്തെ ചൊല്ലി തർക്കത്തിൽ ടി.സി.എസ് പിൻമാറി.

# ആദ്യ ചർച്ച

ഇ ഗവേണൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മൂന്നു മാസം മുമ്പ് സംസ്ഥാന സർക്കാർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ടി.സി.എസ് ചെയ്ത ജോലികൾ ഐ.കെ.എമ്മും ഐ.ടി. മിഷനും ചേർന്ന് പരിശോധിക്കാൻ അഡീഷണൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൊച്ചിയിൽ നടന്ന യോഗം തീരുമാനിച്ചെങ്കിലും ആരും സഹകരിച്ചില്ലെന്ന് മേയർ സൗമിനി ജെയിൻ കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഐ.ടി. വിദഗ്ദ്ധന്റെ അഭാവത്തിൽ ടി.സി.എസ് ഇതുവരെ ചെയ്ത ജോലികൾ പരിശോധിക്കാൻ കോർപ്പറേഷന് കഴിയാത്തതും പരാധീനതയായി.

# നാൾവഴികൾ

കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി 2005 - 2006 ൽ തുടക്കം

ആദ്യ ചുമതല ഇൻഫമേഷൻ കേരള മിഷന് ( ഐ.കെ.എഫ് )

അജ്ഞാതമായ കാരണങ്ങളാൽ ഐ.കെ.എഫ് പാതിവഴിയിൽ പിൻമാറി

2011ൽ വിപ്രോയെ കൺസൾട്ടന്റായി നിയോഗിച്ചു.

ഓൺലൈൻ സംവിധാനം നടപ്പാക്കാനുള്ള ചുമതല വിപ്രോ ടാറ്റാ കൺസൾട്ടൻസി സർവീസിനെ (ടി.സി.എസ്) ഏല്പിച്ചു

54 ആഴ്ചയ്ക്കുള്ളിൽ പദ്ധതി പൂർത്തീയാക്കുമെന്ന് വാഗ്ദാനം

പല തവണ കാലാവധി നീട്ടികൊടുത്തിട്ടും പദ്ധതി പൂർത്തിയാക്കാൻ ടി.സി.എസിന് കഴിഞ്ഞില്ല