തോപ്പുംപടി: 52 ദിവസത്തെ ട്രോളിംഗ് നിരോധനം നീങ്ങി സംസ്ഥാനത്തെ 3600 ബോട്ടുകൾ ഇന്ന് രാത്രി കടലിലേക്ക് കുതിക്കും. ചാകര കോള് പ്രതീക്ഷിച്ചാണ് ബോട്ടുകളുടെ യാത്ര. കണവ, കൂന്തൽ, കിളിമീൻ എന്നീ മൽസ്യങ്ങളാണ് പ്രതീക്ഷ. സാധാരണക്കാരുടെഇഷ്ടമീനുകളായ ചാളയും അയലയും അയൽ മറ്റ് തീരങ്ങളിലേക്ക് പോയസാഹചര്യത്തിലാണ് സീസൺ തുടങ്ങുന്നത്.

നിരോധന കാലയളവിൽ വള്ളക്കാർക്ക് കാര്യമായ മത്സ്യം ലഭിക്കാത്തതും ബോട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

കായലോരത്തെ ഇന്ധനം നിറക്കുന്ന പമ്പുകളും ഇന്ന് രാത്രിയോടെ തുറക്കും. ഹാർബറിലും സമീപത്തുമുള്ള അനുബന്ധ തൊഴിലാളികളും ഇന്ന് മുതൽ സജീവമാകും.


ലൈസൻസ് ഫീ 2500 രൂപയിൽ നിന്ന് 52500 രൂപയാക്കി ഉയർത്തിയത് ബോട്ടുകാർക്ക് ഇടിത്തീ പോയും ആയി. കൂട്ടിയ ഫീസ് അടക്കാതെ രണ്ടും കൽപ്പിച്ചാണ് സംസ്ഥാനത്തെ 90 ശതമാനം ബോട്ടുകളും ഇന്ന് കടലിലിറങ്ങുന്നത്. ഫീസ് അടയ്ക്കാത്തതിനുള്ള പിഴ രണ്ടര ലക്ഷം രൂപയുമാണ്. ഇതിൽ പ്രതിഷേധിച്ച് ബോട്ടുടമകൾ ഇന്നലെ വൈപ്പിൻ ഹാർബറിൽ സമരം നടത്തി. മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ് സമരം ഉദ്ഘാടനം ചെയ്തു.

തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ ഫിഷറീസ് മന്ത്രി ഉൾപ്പടെ ആരും തയ്യാറാകുന്നില്ലെന്നാണ് ബോട്ടുടമകളുടെ പരിദേവനം. പലരും ലക്ഷങ്ങൾ കടത്തിലാണ്.

ബോട്ടുകൾ നവീകരിക്കാനും വലയും ഉപകരണങ്ങളും ഒരുക്കാനും അറ്റകുറ്റപ്പണികൾക്കുമായി കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും കടം വന്നിട്ടുണ്ട്.