കൊച്ചി: എറണാകുളം നോർത്തിലെ ഇ.എസ്.ഐ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്‌ണൻ പറഞ്ഞു. ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 65 കിടക്കകളാണ് ആശുപത്രിയിലുള്ളത്. അത് 100 ആക്കും. ഇ.എസ്‌.ഐ കോർപ്പറേഷന്റെ അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ തുടങ്ങും. രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും. ഒരു വർഷത്തിനകം സ്ഥലപരിമിതി പരിഹരിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടി സ്വീകരിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് പച്ചക്കറികൃഷി ആശുപത്രി വളപ്പിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രോഗികളോട് മന്ത്രി ചികിത്സയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആശുപത്രിയിലെ സൗകര്യങ്ങളും വിലയിരുത്തി. രോഗികൾക്ക് ചായ പേപ്പർ ഗ്ലാസിൽ നൽകുന്നത് മാറ്റി സ്റ്റീൽ ഗ്ലാസിൽ നൽകാൻ നിർദ്ദേശിച്ചു.

കിടക്കകളുടെ എണ്ണം 100 ആക്കും