കോലഞ്ചേരി: സ്‌കൂട്ടറിൽ കറങ്ങി നടന്ന് പ്രായമായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാവിനെ കുന്നത്തുനാട് പൊലീസ് പിടികൂടി. ചേലക്കുളം കാവുങ്ങപ്പറമ്പ് വട്ടപറമ്പ് വീട്ടിൽ അബ്ദുൾ സമദി നെയാണ് (25) പിടികൂടിയത്. ജൂൺ 15 ന് വീട്ടിൽ സന്ധ്യാസമയത്ത് നാമം ജപിച്ചുകൊണ്ടിരുന്ന വീട്ടുരിലുള്ള വൃദ്ധയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കടന്നുകളഞ്ഞത് ഇയാളാണ്.പുത്തൻകുരിശ് സ്റ്റേഷൻ പരിധിയിൽ പത്താം മൈൽ ഭാഗത്തുനിന്നും പ്രായമായ സ്ത്രീയുടെ കഴുത്തിൽ കിടന്ന ഒന്നരപവൻ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്തതും, ചെങ്ങമനാട് സ്റ്റേഷൻ പരിധിയിലെ പൊയ്ക്കാട്ടുശേരിയിൽ നിന്നും മൂന്നരപ്പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പൊട്ടിച്ചെടുത്ത മാലകൾ പെരുമ്പാവൂരിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു. പ്രായമായ സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുന്നതാണ് ഇയാളുടെ രീതി. സമാന മോഷണത്തിന് ഇയാൾക്കെതിരെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആർഭാട ജീവിതത്തിനും ലഹരി ഉപയോഗത്തിനുമാണ് ചെലവഴിച്ചിരുന്നത്. കുന്നത്തുനാട് സി.ഐ വി.ടി.ഷാജൻ, എ.എസ്.ഐ സക്കറിയ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മനാഫ്, സജീവൻ, അനൂപ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.