കിഴക്കമ്പലം: കിഴക്കമ്പലം ചിത്രപ്പുഴ റോഡിൽ, റോഡിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന മൺകൂനകൾ കാൽനടയാത്രക്കാർക്കും ഇരു ചക്രവാഹന യാത്രികർക്കും ഭീഷണിയായി. പാടത്തിക്കര മൂലേ കുഴികയറ്റം,പെരിങ്ങാല ജംഗ്ഷന് സമീപം, മോറക്കാല പള്ളി വളവ് തുടങ്ങിയ പ്രദേശത്താണ് മാസങ്ങളായി മൺകൂനകളിൽ കാട് പിടിച്ച് കിടക്കുന്നത്. പൊതുവേ റോഡിന് വീതി കുറവും കുത്തനേയുള്ള കയറ്റവും വളവും ഉള്ള സ്ഥലമാണ് . വാഹനാപകടങ്ങളും പതിവാണ്. കൊടും വളവായതിനാൽ തൊട്ടടുത്ത് എത്തുമ്പോഴാണ് പലപ്പോഴും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണുന്നത്. . റോഡരികിലെ കട്ടിംഗ് ഒഴിവാക്കുന്നതിനാണ് റോഡിൽ മണ്ണ് കൂട്ടിയിട്ടതെങ്കിലും പിന്നീട് അത് നിരത്തുവാൻ പൊതുമരാമത്ത് വകുപ്പോ കരാറുകാരോ തയ്യാറായില്ല. മഴ ശക്തമായതോടെ പല ഭാഗത്തും ചെളിയും നിറഞ്ഞു. പാടത്തിക്കര മൂല കുഴി കയറ്റത്ത് വാഹനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് ബോർഡിനോട് ചേർന്നാണ് മൺകൂനകൾ കൂട്ടിയിട്ടിരിക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
കൊടും വളവിൽ വാഹനങ്ങൾ കാണാനാവില്ല
മണ്ണ് കൂടി കിടക്കുന്നതിനാൽ വാഹനങ്ങൾ ഒതുക്കാനാവില്ല
കാൽനട യാത്രക്കാർക്ക് ഒതുങ്ങി നിൽക്കാനാവുന്നില്ല