കോലഞ്ചേരി: പൊതുജനങ്ങൾക്ക് രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നതിന് കമ്മ്യൂണിറ്റി റെസ്‌ക്യു വാളണ്ടിയർ ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി വലമ്പൂർ കോലാംകുടിയിലെ നവധാര വായനശാലയിലെ അംഗങ്ങൾക്ക് പട്ടിമറ്റം അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകി. വായനശാലയിലെ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു. തീപിടിത്തം, കിണർ അപകടങ്ങൾ, എൽ പി ജി, ഇലക്ട്രിസിറ്റി സംബന്ധമായ അപകടങ്ങൾ എന്നിവയെ കുറിച്ച് സേനാംഗങ്ങൾ ക്ലാസെടുത്തു. ഗ്യാസ് സിലിണ്ടറിലെ തീ അണയ്ക്കുന്ന മാർഗങ്ങൾ, കിണർ അപകടങ്ങളിൽ കയറുപയോഗിച്ച് ആളുകളെ രക്ഷപെടുത്തുന്ന രീതി തുടങ്ങിയവ അവതരിപ്പിച്ചു.ക്ലാസുകൾക്ക് സ്റ്റേഷൻ ഓഫീസർ ടി സി സാജു നേതൃത്വം നൽകി. ബിബിൻ എ തങ്കപ്പൻ, കെ എ ഉബാസ് , ബി അരുൺ, കെ എം ബിബി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.