നെടുമ്പാശേരി: . നട്ടുച്ചയ്ക്ക് ബൈക്കുകളിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയെ റോഡിൽ തള്ളിയിട്ട് മൂന്ന് പവന്റെ സ്വർണമാല കവർന്ന കേസിൽ സി.സി ടി.വി ദൃശ്യം തേടി പൊലീസ്. ദൃക്‌സാക്ഷികളില്ലാത്തതും ബൈക്കുകളുടെ നമ്പർ കവർച്ചയ്ക്ക് ഇരയായ സ്ത്രീക്ക് നൽകാൻ കഴിയാത്തതുമാണ് കാമറ ദൃശ്യം പരിശോധിക്കാൻ കാരണം.
പൊയ്ക്കാട്ടുശ്ശേരി തേയ്ക്കാനത്ത് മത്തായിയുടെ ഭാര്യ മറിയാമ്മയുടെ (65)മാലയാണ് തിങ്കളാഴ്ച്ച ഉച്ചയോടെ പൊയ്ക്കാട്ടുശ്ശേരി കുറുമ്പക്കാവ് മുക്കത്തുകടവ് റോഡിൽ വച്ച് രണ്ട് ബൈക്കുകളിലെത്തിയ അക്രമികൾ പൊട്ടിച്ചെടുത്തത്. മറിയാമ്മ വീട്ടിലേക്കു പോകുമ്പോൾ പിന്നിലൂടെ ആദ്യം ബൈക്കിലെത്തിയ ആൾ മറിയാമ്മയെ റോഡിൽ തള്ളിയിട്ടു. ഉടൻ പിന്നിലൂടെ ബൈക്കിൽ വന്നയാൾ വീണു കിടന്ന മറിയാമ്മയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിക്കാതെ ഊരിയെടുക്കുകയായിരുന്നു.
പെട്ടെന്ന് ഇരുവരും അതതു വാഹനങ്ങളിൽ രക്ഷപ്പെട്ടു. മറിയാമ്മ ഒച്ചവച്ചു നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കൾ സ്ഥലം വിട്ടിരുന്നു. സംഭവം അറിഞ്ഞ് ചെങ്ങമനാട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ടു യുവാക്കളും കറുത്ത് മെലിഞ്ഞതാണ്. പാൻറും ഷർട്ടുമാണ് ധരിച്ചിരുന്നത്. 23 വയസുതോന്നിക്കും. റോഡുകളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഇവയിൽ മിക്കതും പ്രവർത്തനരഹിതമായതാണ് പൊലീസിനെ വലയ്ക്കുന്നത്.