പെരുമ്പാവൂർ: നഗരസഭ ചെയർപെഴ്‌സൺ തിരഞ്ഞെടുപ്പ് കോറം തികയാത്തത് മൂലം ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11 ന് നിശ്ചയിച്ച തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ 12 അംഗങ്ങൾ എത്തിയെങ്കിലും യു ഡി എഫ് അംഗങ്ങൾ ആരും എത്തിയില്ല. സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ച ബിജെപി കൗൺസിലർമാരും പിൻമാറി. കോറം തികയാൻ 14 അംഗങ്ങളെങ്കിലും എത്തണമായിരുന്നു. സ്വതന്ത്രനും വിമതനും പി ഡി പി അംഗവും എത്താതായതോടെ വരണാധികാരി പി .വി മിനി തിരഞ്ഞെടുപ്പ് തീയതി മാറ്റിവെച്ചതായി അറിയിച്ചു. എൽ ഡി എഫ് അംഗമായ സജീനാ ഹസനെ ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതിനാൽ എത്തിയില്ല. 27 വാർഡുകളിൽ നിന്നും നിലവിൽ എൽ ഡി എഫിന് 13 ഉം യു ഡി എഫിന് ഒൻപതും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. ഒരു പിഡിപി അംഗവും ഒരു സ്വതന്ത്രനുമാണ് മറ്റ് അംഗങ്ങൾ. അവിശ്വാസത്തിലൂടെ പുറത്തായ സതി ജയകൃഷ്ണനെ മത്സരിപ്പിക്കാനായിരുന്നു എൽ ഡി എഫ് നീക്കം. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അംഗംങ്ങൾ വിട്ടുനിന്നത്.