ആലുവ: കർക്കടക വാവ്ബലിതർപ്പണത്തോടനുബന്ധിച്ച് ഇന്ന് ആലുവ മണപ്പുറത്ത് പിതൃബലിയർപ്പിക്കാനെത്തുന്ന ഭക്തജനങ്ങൾ തിരിച്ചറിയൽ കാർഡും കരുതണമെന്ന പൊലീസ് നിർദ്ദേശത്തിനെതിരെ പ്രതിഷേധം വ്യാപകം. വിവിധ ഹൈന്ദവ സംഘടനകളും സ്ഥാപനങ്ങളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹിന്ദുമത വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ് പൊലീസ് നടപടിയെന്നാണ് ആക്ഷേപം.

മോഷണവും പിടിച്ചുപറിയും പോലുളള അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസിന് പരിശോധിക്കേണ്ടി വരുമെന്നും ബലിതർപ്പണത്തിന് വരുന്നവർ കാർഡുകൾ കൈവശം സൂക്ഷിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് പൊലീസ് അറിയിപ്പ്.

വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.

ആശ്രമം അധികൃതർ പ്രതിഷേധിച്ചു:

പാലസ് റോഡിലെ ഗതാഗത നിയന്ത്രണത്തിൽ ഇളവ്


കർക്കടകവാവിനോടനുബന്ധിച്ച് ഇന്ന് ആലുവ നഗരത്തിൽ ഏർപ്പെടുത്തിയ ഗതാതഗ നിയന്ത്രണത്തിൽ ഇളവ് നൽകി. പാലസ് റോഡിലേക്ക് സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ യാതൊരു വിധ വാഹന ഗതാഗതവും അനുവദിക്കേണ്ടതില്ലെന്ന തീരുമാനമാണ് പിൻവലിച്ചത്. ഇത് ആലുവ അദ്വൈതാശ്രമത്തിൽ ബലിതർപ്പണത്തിനെത്തുന്ന ഭക്തരെ ദുരിതത്തിലാക്കുമെന്ന ആശ്രമം ഭാരവാഹികളുടെ അഭിപ്രായം പരിഗണിച്ചാണ് ബാങ്ക് കവല മുതൽ ടൗൺ ഹാൾ കവല വരെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചത്.

കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, അദ്വൈതാശ്രമം ഭക്തജന സമിതി കൺവീനർ എം.വി. മനോഹരൻ, ഭാരവാഹികളായ കെ.കെ. മോഹനൻ, ബിജു വിശ്വനാഥൻ, രാജേഷ് തോട്ടക്കാട്ടുകര, രാജേഷ് ഊരക്കാട് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിനെ സന്ദർശിച്ചാണ് പരാതി അറിയിച്ചത്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.