തൃക്കാക്കര: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ തീർപ്പ് കൽപിക്കാതിരുന്ന പരാതികളിൽ പരിഹാരം കാണുന്നതിനായി ജില്ലാതല അദാലത്ത് സംഘടിപ്പിച്ചു. വിവിധ വിഭാഗത്തു നിന്നുള്ള പരാതികൾക്ക് പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട മേഖലയിൽ വൈദഗ്ദ്ധ്യമുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിവിധ സംഘങ്ങളാണ് പരാതികൾ പരിഹരിച്ചത്. സി.ആർ.ഇസഡ്, നിലം, തണ്ണീർത്തടം, കേരള പഞ്ചായത്തീരാജ് കെട്ടിടനിർമ്മാണ ചട്ടം എന്നിവയുടമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ചത് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന സംഘമാണ്.
കെട്ടിക്കിടക്കുന്ന പരാതികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അദാലത്തിന്റെ ആദ്യഘട്ടത്തിൽ 1800 അപേക്ഷകൾ ലഭിച്ചിരുന്നു. ജില്ലയിൽ ആറ് കേന്ദ്രങ്ങളിൽ മിനി അദാലത്തുകൾ നടത്തിയിരുന്നു. ഇതുവരെ അദാലത്തിൽ ലഭിച്ച ആകെ പരാതികളുടെ എണ്ണം 2000ത്തിന് മുകളിലാണ്.
ജില്ലാതലത്തിൽ പരിഗണിക്കേണ്ട 178 പരാതികളാണ് കളക്ട്രേറ്റിൽ നടന്ന അദാലത്തിൽ പരിഗണിച്ചത്. ഇതിൽ പകുതിയിലധികം പരാതികളിലും പരാതിക്കാരുടെ സാന്നിധ്യത്തിൽ പരിഹാരം കാണുവാൻ കഴിഞ്ഞു. കൂടുതൽ പരാതികളും കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള നിരവധി പരാതികൾ പരിചയ സമ്പന്നരായ സെക്രട്ടറിമാരുടെയും എഞ്ചിനീയർമാരുടെയും സാന്നിധ്യത്തിൽ പരാതിക്കാരനെ ബോധ്യപ്പെടുത്തിയും പരിഹാരമാർഗ്ഗങ്ങൽ കണ്ടെത്തിയും പരിഹരിക്കാൻ സാധിച്ചു.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 9.30ന് ആരംഭിച്ച അദാലത്ത് വൈകീട്ട് ആറ് മണി കഴിഞ്ഞും തുടരുകയാണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ജില്ലാ ഡെപ്യൂട്ടി ടൗൺ പ്ലാനർ ജിനുമോൾ വർഗ്ഗീസ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി.എൻ. മിനി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ലേഖ കാർത്തി എന്നിവർ അദാലത്തിന് നേതൃത്വം നൽകി.