നെടുമ്പാശേരി: എയർ ഇന്ത്യയുടെ ഉപസ്ഥാപനമായ എയർ ഇന്ത്യ എക്‌സ്‌പ്രസ് കഴിഞ്ഞ സാമ്പത്തിക വർഷം 166 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞവർഷം ഇന്ധനം വാങ്ങൽച്ചെലവ് വർദ്ധിച്ചിട്ടും ലാഭത്തിന്റെ റൺവേയിൽ പറക്കാൻ കമ്പനിക്ക് കഴിഞ്ഞു. മാതൃകമ്പനിയായ എയർ ഇന്ത്യ നഷ്‌ടത്തിൽ തുടർന്നിട്ടും തുടർച്ചയായ നാലാംവർഷവും എയർ ഇന്ത്യ എക്‌സ്‌പ്രസ് ലാഭം രുചിച്ചു.
എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ പ്രവർത്തനച്ചെലവിൽ 40 ശതമാനവും ഇന്ധനം വാങ്ങാനാണ്. കഴിഞ്ഞവർഷം ഇതിന്റെ യൂണിറ്റ് ചെലവ് 35 ശതമാനം വർദ്ധിച്ചു. ഈ പ്രതികൂല കാലാവസ്ഥയ്‌ക്കിടയിലും മൊത്ത വരുമാനം 16.07 ശതമാനം ഉയർന്നുവെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് സി.ഇ.ഒ കെ. ശ്യാംസുന്ദർ പറഞ്ഞു.
2018 സെപ്‌തംബറിലും ഒക്ടോബറിലും എയർ ഇന്ത്യ എക്‌സ്‌പ്രസ് ഓരോ വിമാനങ്ങൾ അധികമായി സർവീസിന് എടുത്തിരുന്നു. ബംഗളൂരു, കണ്ണൂർ, സൂററ്റ് എന്നിവിടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുകയും ചെയ്‌തു. ബോയിംഗ് 737-800 വിഭാഗത്തിലുള്ള 25 വിമാനങ്ങൾ കമ്പനിക്കുണ്ട്. 13 വിദേശ നഗരങ്ങളിലേക്കും 20 അഭ്യന്തര വിമാന താവളങ്ങളിലേക്കുമാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് നടത്തുന്നത്.
₹4,202 കോടി
പ്രതികൂല കാലാവസ്ഥയിലും ലാഭത്തിന്റെ റൺവേയിൽ പറന്ന എയർഇന്ത്യ എക്‌സ്‌പ്രസ് കഴിഞ്ഞ സാമ്പത്തിക വർഷം 16.07 ശതമാനം വർദ്ധനയോടെ 4,202 കോടി രൂപ മൊത്തവരുമാനം നേടി. മുൻവർഷം ഇത് 3,620 കോടി രൂപയായിരുന്നു.
43.6 ലക്ഷം
യാത്രക്കാർ
കഴിഞ്ഞവർഷം എയർ ഇന്ത്യ എക്‌സ്‌പ്രസിൽ പറന്നത് 43.6 ലക്ഷം പേർ. വർദ്ധന 12 ശതമാനം. അന്താരാഷ്‌ട്ര യാത്രികരുടെ എണ്ണം 10.5 ശതമാനം ഉയർന്നു.