രാത്രിയിൽ ഓട്ടോയാത്രയ്ക്ക്അമിതചാാർജ്
ബോർഡുപോലും മാറ്റി
ആലുവ: റെയിൽവേ സ്‌റ്റേഷനിൽ ആരംഭിച്ച ഓട്ടോ പ്രീപെയ്ഡ് പ്രഹസനമാകുന്നു. 24 മണിക്കൂറും പ്രവർത്തിക്കേണ്ട പ്രീപെയ്ഡ് കൗണ്ടർ വൈകിട്ട് അടയ്ക്കുന്നു . പ്രീ-പെയ്ഡിൽ ഓടുന്നതിന് ഓട്ടോറിക്ഷക്കാരിൽ പലർക്കും താത്പര്യവുമില്ല.
ആദ്യമൊക്കെ ഒരു യൂണിഫോമിലുളള പോലീസുകാരൻെറ സാന്നിദ്ധ്യം ഇവിടെയുണ്ടായിരുന്നു. ആലുവായിലെ വ്യാപാരികളാണ് പ്രീ-പെയ്ഡ് കൗണ്ടർനിർമ്മിച്ച് കൊടുത്തത്.ഇപ്പോൾ ഇത് ശോച്യാവസ്ഥയിലാണ്. എല്ലാവരും ശ്രദ്ധിക്കുന്ന തരത്തിൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നും നോട്ടം കിട്ടുന്ന വിധത്തിൽ സ്ഥാപിച്ചിരുന്ന പ്രീ-പെയ്ഡ് എന്നെഴുതിവച്ച ബോർഡുപോലും മാറ്റി.കൗണ്ടറിലുളള ബോർഡ് പെട്ടെന്ന് ശ്രദ്ധിക്കുകയില്ല.
അന്യസ്ഥലങ്ങളിൽ നിന്നും രാത്രിയും മറ്റും വരുന്ന സ്ത്രീകൾക്ക് പ്രത്യേകിച്ച് പ്രീ-പെയ്ഡ് ഓട്ടോ സുരക്ഷിതത്വം നൽകിയിരുന്നു. ഇപ്പോൾ വനിതാ ഗാർഡുമാത്രമാണ് ഇപ്പോൾ കൗണ്ടറിലുളളത് . ഇവരുടെ സേവനം പകൽ സമയത്തുമാത്രമാണ്. പ്രീപെയ്ഡ് കൗണ്ടർ ആരംഭിച്ചതോടെ യാത്രക്കാരെ ഓട്ടോറിക്ഷക്കാർ കൊളളയടിക്കുന്നുവെന്ന പരാതി കുറഞ്ഞിരുന്നു.
ഓട്ടോ പ്രീ-പെയ്ഡ് പഴയ രീതിയിൽ 24 മണിക്കൂറും പ്രവർത്തിപ്പിക്കുകയും പോലീസിൻെറ സാന്നിദ്ധ്യം ഉണ്ടാകുകയും ചെയ്താൽ വലിയൊരു പരിധിവരെ സാമൂഹ്യദ്രോഹികൾ അഴിഞ്ഞാടുന്നത് ഒഴിവാക്കുവാൻ കഴിയും.റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങുന്നവരോട് പ്രീപെയ്ഡ് സംവിധാനമുളള കാര്യം പല ഓട്ടോറിക്ഷക്കാരും വെളിപ്പെടുത്താറുമില്ല. അതിനാൽ അന്യസ്ഥലങ്ങളിൽ നിന്നുമെത്തുന്നവർ അമിതമായ നിരക്ക് നൽകുവാനും നിർബന്ധിതമാകുന്നു.