ആലുവ: ഇന്ന് കർക്കടക വാവ് ബലിയർപ്പിക്കാൻ പതിനായിരങ്ങൾ ആലുവ പെരിയാറിന്റെ തീരത്തേക്ക് ഒഴുകിയെത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ശിവരാത്രി മണപ്പുറത്തും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിലുാണ് ബലിതർപ്പണ ചടങ്ങുകൾ.

രണ്ടിടത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസും ജില്ലാ ഭരണകൂടവും ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് പുലർച്ചെ നാല് മുതൽ തർപ്പണം ആരംഭിക്കും. നാളെ രാവിലെ 8.30 വരെ തർപ്പണത്തിന് സമയമുണ്ടെങ്കിലും ഭൂരിഭാഗം ഭക്തരും ഇന്ന് ഉച്ചയോടെ തർപ്പണം നടത്തി മടങ്ങാനാണ് സാധ്യത.

മഴ മാറി നിൽക്കുന്നതിനാൽ ദക്ഷിണകാശിയെന്നറയിപ്പെടുന്ന ആലുവ മണപ്പുറത്ത് തന്നെ ഇക്കുറി ബലിതർപ്പണം നടക്കും. കഴിഞ്ഞ വർഷം കനത്ത മഴയിൽ മണപ്പുറം വെള്ളത്തിൽ മുങ്ങിയതിനാൽ ആൽത്തറക്ക് സമീപം റോഡിലായിരുന്നു തർപ്പണ ചടങ്ങുകൾ. ഇക്കുറി മണപ്പുറത്ത് ദേവസ്വം ബോർഡിന്റെ ബലിത്തറക്ക് പുറമെ 100 ഓളം താത്കാലിക ബലിത്തറകളും ഒരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ ബലിത്തറയിൽ ഒരേസമയം 150ഓളം പേർക്ക് തർപ്പണ സൗകര്യമുണ്ട്.

അദ്വൈതാശ്രമത്തിൽ കർക്കിടകവാവുബലിക്കു വിപുലമായ സജ്ജീകരണങ്ങളാണ്. 1500 പേർക്ക് ഒരേ സമയം തർപ്പണം നടത്താവുന്നതാണ് പന്തൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കുളിക്കടവുകളും ഉണ്ട്.

ഇന്ന് പുലർച്ചെ അഞ്ചിന് ബലിതർപ്പണം ആരംഭിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ വിശാലമായ സൗകര്യമുണ്ട്. ആശ്രമം മേൽശാന്തി പി.കെ. ജയന്തൻ ശാന്തി, നാരായണഋഷി, ചന്ദ്രശേഖരൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. അദ്വൈതാശ്രമ ഭക്തജന സമിതി പ്രവർത്തകരുടെ സേവനവുമുണ്ടാകും.