കൊച്ചി : എടയാർ സ്വർണ്ണക്കവർച്ചാക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞില്ല. പ്രതികൾ സ്വാഭാവിക ജാമ്യത്തിനായി അപേക്ഷ നൽകി. എടയാറിലെ സി.ജി.ആർ മെറ്റലോയ്ഡ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വർണ്ണം കവർന്ന കേസിൽ പ്രതികളായ മൂവാറ്റുപുഴ കാപ്പ് സ്വദേശി നസീബ് നൗഷാദ് (22), തൊടുപുഴ കുമാരമംഗലം സ്വദേശി എൻ.എസ് സനീഷ് (30), വാത്തിക്കുഴി മുരിക്കശേരി കരിയത്ത് സതീഷ് സെബാസ്റ്റ്യൻ (39), കമ്പൻമേട്ട് കിഴക്കേമഠത്തിൽ കെ.ബി. റാഷിജ് (37), മുതലക്കോടം കോളനിപ്പടി സ്വദേശി ബിബിൻ ജോർജ് (22) എന്നിവരാണ് സ്വാഭാവിക ജാമ്യത്തിന് ഹർജി നൽകിയത്. മേയ് ഒമ്പതിനാണ് കാറിൽ കൊണ്ടുവന്ന സ്വർണ്ണം പ്രതികൾ കവർന്നത്. സംഭവം നടന്ന് 60 ദിവസം കഴിഞ്ഞിട്ടും തൊണ്ടിമുതൽ കണ്ടെത്താൻ കഴിയാത്തതിനാൽ പൊലീസ് കുറ്റപത്രം നൽകിയില്ല. ഇത്തരം കേസുകളിൽ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നതിനാലാണ് ഇവർ ജാമ്യാപേക്ഷ നൽകിയത്. അടുത്ത ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിക്കും.