ആലുവ: എടയപ്പുറം മാന്ത്യേപ്പാറയിൽ കാർബൺ കമ്പനി തുടങ്ങാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സ്ത്രീകൾ കമ്പനി ഉടമയെ സന്ദർശിച്ചു. വർഷങ്ങൾക്ക് മുമ്പ് നിർത്തിയ എവറസ്റ്റ് കാർബൺ കമ്പനി പുനരാരംഭിക്കുന്നതിന് സി.പി.എം കീഴ്മാട് ലോക്കൽ സെക്രട്ടറി കെ.എ. ബഷീറിന്റെ ഭാര്യ മിസ്രി ബഷീറാണ് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നത്. കാർബൺ കമ്പനി വിരുദ്ധ ജനകീയ സമിതിയുടെ തീരുമാനപ്രകാരം പരിസരത്തെ 20 ഓളം സ്ത്രീകൾ കമ്പനി ഉടമയെ സന്ദർശിച്ച് പ്രതിഷേധവും നിലപാടും അറിയിച്ചു.
വിവാദ കാർബൺ കമ്പനിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം പ്രതിനിധിയുമായ കാജ മൂസയുടെ മാതാവ് സുഹറ മൂസയും സംഘത്തിലുണ്ടായിരുന്നു. ഒരു മാസം പ്രവർത്തിച്ചിട്ട് ലാഭകരമല്ലെങ്കിൽ നിർത്താമെന്ന നിലപാടാണ് കമ്പനി ഉടമ സ്വീകരിച്ചത്. എന്നാൽ ഒരു ദിവസം പോലും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പരാതിയുമായെത്തിയ സ്ത്രീകളും നിലപാടറിയിച്ചു. സമീപത്തെ കശുവണ്ടി കമ്പനികൾ ഉൾപ്പെടെ മറ്റ് സ്ഥാപനങ്ങൾ പൂട്ടിക്കാത്തതെന്താണെന്നാണ് ഉടമ തിരിച്ച് ചോദിച്ചത്. പ്രിന്റിംഗ് പ്രസ് എന്ന പേരിലാണ് 20 വർഷം മുമ്പ് പരിസരവാസികളിൽ നിന്നും സമ്മത പത്രം വാങ്ങിയതെന്നും യഥാർത്ഥത്തിൽ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും സ്ത്രീകൾ പറഞ്ഞു. ജനകീയ സമിതി അംഗങ്ങളായ റഷീദ മൂസ, സഫിയ സുബൈർ, ഷീബ സജീവൻ, ഇന്ദിര അജിതൻ, സവിത ലൈജു എന്നിവരുൾപ്പെട്ട സംഘമാണ് കമ്പനി ഉടമയെ സന്ദർശിച്ചത്.