ആലുവ: സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇരുചക്രവാഹനത്തിൽ പിൻസീറ്റിൽ സഞ്ചരിക്കുന്നവർക്കും ഹെൽമറ്റ് നിർബ്ബന്ധമാക്കി റൂറൽ പൊലീസ്. അപകടങ്ങൾ മൂലം കൂടുതൽ പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതോടെയാണ് സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതെന്ന് എസ്.പി. കെ. കാർത്തിക് അറിയിച്ചു.
വാഹന പരിശോധനയും കർശനമാക്കും. സീറ്റ് ബെൽറ്റുള്ള വാഹനങ്ങളിൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നുള്ള സുപ്രീം കോടതി വിധിയും ഇതോടൊപ്പം നടപ്പിലാക്കും.
ആദ്യഘട്ടമായി ബോധവത്കരണവും തുടർന്ന് സ്‌പെഷ്യൽ ഡ്രൈവും ഉണ്ടാകും. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഗതാഗത നിയമ ലംഘനം നടത്തുന്നവർ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് കമ്പനികൾക്ക് നഷ്ടപരിഹാരബാധ്യതയും ഉണ്ടാവില്ല.
റൂറൽ ജില്ലയിലെ ഒരുവർഷത്തെ അപകടക്കണക്ക്
2018 ജൂൺ ഒന്ന് മുതൽ 2019 ജൂൺ 30 വരെ
പിൻസീറ്റിൽ യാത്ര ചെയ്ത് മരിച്ചവർ 42 പേർ
ആകെ അപകടങ്ങൾ : 3202 എണ്ണം
മരണം: വാഹനമോടിച്ച 162 പേർ ഉൾപ്പടെ 204 പേർ
പരിക്ക് :1738 ഡ്രൈവർമാർക്കും പിൻസീറ്റിലിരുന്ന 310 പേർക്കും ഗുരുതരപരിക്ക്.നിസാര പരിക്കേറ്റവർ :യഥാക്രമം 568,241.