കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്നും തൈക്കൂടത്തെക്കുള്ള ട്രയൽ റണ്ണിന് ഇന്ന് തുടക്കമാകും. മണിക്കൂറിൽ അഞ്ചു കിലോമീറ്റർ വേഗതയിൽ രാവിലെ ആറു മുതലാണ് പരീക്ഷണ ഓട്ടം. റൂട്ടിന്റെ ക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി ഭാരം കയറ്റിയായിരിക്കും ട്രെയിൻ ഓടിക്കുക. ട്രയൽ റണ്ണിനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് കിട്ടിയത്.
ഇലെക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ പരിശോധന കഴിഞ്ഞ ദിവസം എളംകുളം മുതൽ തൈക്കൂടം വരെ നടന്നിരുന്നു. ഇതിന്റെ അനുമതി ലഭിച്ചതോടെയാണ് ട്രയൽ റണ്ണിന് തുടക്കമിടുന്നത്. മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ സൗത്ത് മേൽപ്പാലത്തിന് സമീപം വരെ ലോഡ് ടെസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. സാങ്കേതിക തടസങ്ങൾ ഒന്നും നേരിട്ടില്ലെങ്കിൽ രാവിലെ ആറിന് തുടങ്ങുന്ന ട്രയൽ റൺ തുടരുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.