കോലഞ്ചേരി: വാഴകൃഷിയിൽ കർഷകരുടെ പ്രതീക്ഷയായിരുന്ന ഏത്തനും വിലയിടിഞ്ഞു. ഓണത്തിന് വിളവെടുക്കാൻ തയ്യാറാക്കിയ ഏത്തക്കായക്കാണ് മറുനാടൻ കായയുടെ വരവോടെ വില കുത്തനെ ഇടിഞ്ഞത്.
ഒരാഴ്ച മുമ്പു വരെ കർഷക വിപണികളിൽ 70- 80 നിരക്കിൽ കിലോയ്ക്ക് വിറ്റ ഏത്തക്കായ വില 50-55 ലെത്തി. മറുനാടന് 35ഉം. മുൻ വർഷങ്ങളിൽ ഉപ്പേരിക്കച്ചവടക്കാർക്കായി മറുനാടൻ എത്തിക്കാറുണ്ടെങ്കിലും വിലയിൽ 5-10 രൂപയുടെ മാറ്റമാണ് വരാറുള്ളത്. ഇക്കൊല്ലാം മറുനാടൻ കായ പ്രളയമാണ്. പെട്ടെന്ന് പഴുക്കുന്നതിനാൽ കിട്ടിയ വിലയ്ക്ക് വില്പനയാണ്.
ചെറു വണ്ടിക്കാർ മറുനാടൻ വാങ്ങി 3 കിലോ 100 രൂപ ബോർഡും വച്ച് വില്പന തുടങ്ങിയതോടെ കടകളിൽ കച്ചവടമിടിഞ്ഞു. നാടൻ കായയും വില കുറച്ചു കൊടുക്കേണ്ട ഗതികേടിലായി കർഷകർ. ചിങ്ങം പുലരുന്നതോടെ മറുനാടൻ വരവ് ഇനിയും കൂടുമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. അങ്ങിനെ വന്നാൽ നാടൻ കർഷകരുടെ നടുവൊടിയും.
പ്രളയത്തിൽ ഏറെ നഷ്ടമുണ്ടായത് വാഴകൃഷിക്കാണ്. ഇക്കുറി ഒരു മാസം മുമ്പു വരെയുണ്ടായ വൻ വിലക്കയറ്റം കുറയുമെന്ന പ്രതീക്ഷ കർഷകർക്കുണ്ടായില്ല. ഞാലിപ്പൂവനും, പാളയം കോടനും വില പ്രതീക്ഷിച്ചതിലും അധികം കിട്ടിയപ്പോൾ വില്പനയ്ക്ക് കുല ഇല്ലതായി. അതിനിടയിലാണ് ഏത്തൻ വില കുത്തനെ ഇടിഞ്ഞ് കർഷകർ കണ്ണീരണിയുന്നത്.