കൊച്ചി : ജില്ലാ കളക്ടറുടെ ഉറപ്പും പാഴ്‌വാക്കായതോടെ പണ്ഡിറ്റ് കറുപ്പൻ റോഡ് ഗതാഗതയോഗ്യമാക്കാൻ തേവര നിവാസികൾ തെരുവിൽ ഇറങ്ങുന്നു. ആറു മാസം മുമ്പ് വെട്ടിപ്പൊളിച്ച നഗരത്തിലെ സുപ്രധാന റോഡ് നന്നാക്കിയിട്ടില്ല. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങളെ കബളിപ്പിക്കുന്നതിനെതിരെയാണ് തേവര നിവാസികളും പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
'കഴിവുകെട്ട ജനപ്രതിനിധികൾ ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യമുയർത്തി തേവര ഫെറി ജംഗ്ഷൻ മുതൽ മട്ടമ്മൽ ജംഗ്ഷൻ വരെ റോഡ് വികസന സമിതി പ്രകടനം നടത്തി.
മേയറും ഡിവിഷൻ കൗൺസിലറും എം.പിയും ഇടപെടണമെന്ന് കഴിഞ്ഞ ദിവസം പ്രകടനം നടത്തിയ പ്രദേശവാസികൾ ആവശ്യപ്പെട്ടു. മട്ടമ്മലിൽ ബെന്നി കുര്യൻ, ടെൽസിൻ ജോസ്, മുൻ കൗൺസിലർ സി.കെ. ഗോപാലൻ, എഡ്രാക് മേഖലാ പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ, എം.എസ് നായർ തുടങ്ങിയവർ സംസാരിച്ചു.
# പൊളിച്ചത് പൈപ്പിടാൻ
പൈപ്പ് ലൈൻ ഇടുന്നതിന് ആറ് മാസം മുമ്പ് വെട്ടിപൊളിച്ച റോഡ് അധികൃതർ ഇത് വരെ നന്നാക്കാൻ തയ്യാറായില്ല. കാലവർഷം ആരംഭിച്ചതോടെ റോഡ് ശോചനീയാവസ്ഥയിലെത്തി. ഗതാഗതക്കുരുക്കും കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്കുൾപ്പെടെ അപകടവും സ്ഥിരമായി.
# കളക്ടറുടെ ഉറപ്പും പാഴായി
പരാതിയെ തുടർന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടെത്തി വിലയിരുത്തി 25 ദിവസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് വാക്കുനൽകി. പെറ്റ് മിക്‌സ് പാകി അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും പകുതിപോലും പൂർത്തിയാക്കിയില്ല.പരാതിയുമായി അധികൃതരെ സമീപിച്ച തങ്ങളോട് മോശമായാണ് ഉയർന്ന ഉദ്യോഗസ്ഥർ പെരുമാറിയതെന്ന് വ്യാപാരികളും പറയുന്നു.
# ദുരിതങ്ങൾ പലവിധം
1 റോഡിൽ പാകിയ പെറ്റ് മിക്‌സ് കഷ്ണങ്ങളിളകി വാഹനയാത്രക്കാർ ബുദ്ധിമുട്ടിലാവുന്നു.
2 വാഹനങ്ങളുടെ ടയറിൽ നിന്നു മെറ്റൽ കഷണങ്ങൾ തെറിച്ച് കാൽനട യാത്രക്കാർക്ക് പരിക്കേൽക്കുന്നു.
3 ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ്.
4 സ്ത്രീകളും കുട്ടികളും കുഴിയിൽ തെന്നിവീഴുന്നു.
5 ജലവിതരണ പൈപ്പ് ലൈൻ പൊട്ടി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
6 വായുമലിനീകരണം മൂലം പലർക്കും രോഗങ്ങൾ.
# പ്രതിഷേധം കടുപ്പിക്കും
വെള്ളിയാഴ്ച കളക്ടറെ നേരിൽക്കണ്ട് വീണ്ടും പരാതി അറിയിക്കും. നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ തെരുവിൽ ഇറങ്ങും. റോഡ് ഉപരോധം ഉൾപ്പെടെ ശക്തമായ പ്രതിഷേധം നടത്തും.
മട്ടലിൽ ബെന്നി കുര്യൻ, റോഡ് വികസന സമിതി.