pishari
പി​ഷാരി​ കോവി​ൽ ക്ഷേത്രം

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് തൃപ്പൂണിത്തുറ ഗ്രൂപ്പിന് കീഴിലുള്ള പിഷാരി കോവിൽ ക്ഷേത്രത്തിൽ ജീവനക്കാരോടും ഭക്തരോടുമുള്ള ജാതിവിവേചന പ്രശ്നങ്ങൾ തുടർക്കഥ.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ മകൻ എം.എൻ.പരമേശ്വരൻ തന്നെ കള്ളപ്പരാതി നൽകി കേസിൽ കുടുക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ജാതീയമായി ആക്ഷേപിച്ചെന്ന് പട്ടികജാതിക്കാരനായ ജീവനക്കാരൻ എസ്.അഭിലാഷ് പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് വർഷങ്ങളായി ഇവിടെ നടക്കുന്ന ജാതിപീഡനങ്ങൾ പുറത്തുവരുന്നത്.

ക്ഷേത്രത്തിലെ കഴകം ജോലിയിൽ പാരമ്പര്യാവകാശമുള്ള ഒരു കുടുംബത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ കളിക്ക് ശക്തമായ പിന്തുണ നൽകുന്നത് ചില ദേവസ്വം ഉദ്യോഗസ്ഥരാണ്.

കൗണ്ടർ ജീവനക്കാരനായി ജൂൺ 17ന് ചുമതലയേറ്റ എസ്.അഭിലാഷ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പരമേശ്വരൻ ദേവസ്വം ഓഫീസർക്ക് ജൂലായ് നാലിന് പരാതി നൽകിയിരുന്നു. അന്ന് തന്നെ അഭിലാഷിനെ സബ്ഗ്രൂപ്പ് ഓഫീസർ ജി.എസ്. അനിൽകുമാർ സ്ഥലംമാറ്റി. ഫോണിലൂടെയായിരുന്നു സ്ഥലംമാറ്റം.

സമാനമായ പരാതി ഇയാൾ തൃപ്പൂണിത്തുറ പൊലീസിലും നൽകി. ഈ പരാതിയിലാണ് അഭിലാഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

അതേസമയം പരമേശ്വരനും കുടുംബത്തിനുമെതിരെ നിരവധി പരാതികൾ ഉണ്ടായിട്ടും ഒരു നടപടിയും ഇതുവരെ എടുത്തിട്ടുമില്ലെന്നറിയുന്നു. പരമേശ്വരനെതിരെ അഭിലാഷ് നൽകിയ പരാതിയിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

പിഷാരി കോവിലിൽ അഞ്ച് ജീവനക്കാരാണുള്ളത്. സെക്യൂരിറ്റിക്കാരനൊഴികെ എല്ലാവരും സവർണ വിഭാഗക്കാരാണ്. പിന്നാക്കക്കാരനായ സെക്യൂരിറ്റിക്കാരനെതിരെയും നിരവധി പരാതികൾ ദേവസ്വം ബോർഡിനും ദേവസ്വം വിജിലൻസിനും സംഘം നൽകിയിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഏതുജീവനക്കാരൻ ക്ഷേത്രത്തിലേക്ക് നിയോഗിക്കപ്പെട്ടാലും ഇവരെ ഇവിടെ തുടരാൻ അനുവദിക്കാറില്ല.

2012ൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരു ജീവനക്കാരനെ പരമേശ്വരന്റെ ബന്ധു ജയറാം ക്ഷേത്രത്തിനുള്ളിൽ വെച്ച് മർദ്ദിച്ച കേസുണ്ട്. ഇയാൾ തന്നെ ഇക്കാലയളവിൽ പട്ടികജാതിക്കാരനായ അന്നത്തെ ദേവസ്വം ഓഫീസർ പി.യു.സുരേഷ്ബാബുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും കേസുണ്ടായിരുന്നു. ഈ കേസിൽ ഇതുവരെ തുടർനടപടിയൊന്നും ഉണ്ടായിട്ടില്ല.

ക്ഷേത്ര ഉപദേശക സമിതിക്ക് പ്രതിഷേധം

പിഷാരി കോവിൽ ക്ഷേത്രത്തിൽ നടക്കുന്ന അനിഷ്ടസംഭവങ്ങളിലും ജാതി അധിക്ഷേപങ്ങളിലും ശക്തമായി പ്രതിഷേധിക്കുന്നതായി ക്ഷേത്രം ഉപദേശക സമിതി മുൻപ്രസിഡന്റും ഇപ്പോൾ സമിതിയംഗവുമായ ഗിരീഷ് കുമാർ അറിയിച്ചു. സംഭവങ്ങളുമായി ക്ഷേത്രഉപദേശക സമിതിക്ക് ഒരു ബന്ധവുമില്ല. എല്ലാവിഭാഗക്കാരും ഉൾപ്പെടുന്നതാണ് സമിതി. ഏതാനും വർഷം മുൻപ് ദേവസ്വം ഓഫീസർക്ക് നേരെ ഇതേ സംഘത്തിന്റെ ജാതി അധിക്ഷേപം ഉണ്ടായപ്പോൾ അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്നതാണ് സമിതി. കഴകത്തിന്റെ പേരിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരെ ക്ഷേത്രജോലിയിൽ നിന്ന് മാറ്റി നിറുത്തണമെന്ന് സമിതി ദേവസ്വം ബോർഡിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.