മൂവാറ്റുപുഴ: ഗുരുദേവനെക്കുറിച്ച് കൂടുതൽ അറിയാനും ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ സന്ദർശിക്കാനും എസ്.എൻ.ഡി.പി യോഗം തൃക്കളത്തൂർ 1207 ാം നമ്പർ ശാഖയുടെ കീഴിലുള്ള മൈക്രോഫൈനാൻസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ തീർത്ഥയാത്ര നടത്തും. 17 പേർ വീതം അടങ്ങുന്ന തീർത്ഥാടനസംഘം രാവിലെ 5ന് തൃക്കളത്തൂർ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ഒരു മാസം രണ്ട് യാത്രകളാണ് സംഘടിപ്പിക്കുന്നത്. വ്രതാനുഷ്ഠാനങ്ങളോടെയുള്ള യാത്രയ്ക്ക് ദൈവദശകം ചൊല്ലി തുടക്കം കുറിക്കും. കുമ്പളങ്ങി അർദ്ധനാരീശര ക്ഷേത്രം, ചെറായി ഗൗരീശ്വര ക്ഷേത്രം, മൂത്തകുന്നം ശങ്കര നാരായണ ക്ഷേത്രം, തോട്ടുമുഖം ശ്രീനാരായണഗിരി, ആലുവ അദൈ്വതാശ്രമം എന്നിവിടങ്ങൾ സന്ദർശിച്ച് വൈകിട്ട് 6ന് തൃക്കളത്തൂർ ക്ഷേത്ര സന്നിധിയിൽ തിരിച്ചെത്തും. ഗുരുദേവനെ കൂടുതൽ അറിയുക എന്നതാണ് തീർത്ഥാടന യാത്രകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ശാഖാ ഭാരവാഹികളായ പി.എ. ശിവൻ, അനിൽ ആലുങ്കൽ, പി.എൻ. സലിം എന്നിവർ അറിയിച്ചു. 15ന് അടുത്ത തീർത്ഥാടനസംഘം യാത്ര പുറപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു.