തോൾ സന്ധിയിലെ ആർത്രോലാറ്റർജെറ്റ് ശസ്ത്രക്രിയ വിജയം
കൊച്ചി: തോൾ സന്ധിക്കുണ്ടാകുന്ന സ്ഥാനമാറ്റത്തിന് ആർത്രോലാറ്റർജെറ്റ് ശസ്ത്രക്രിയ ദക്ഷിണേന്ത്യയിൽ ആദ്യമായി വിജയകരമായി നടത്തിയതായി കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.
കോലഞ്ചേരി മെഡി. കോളജിലെ നൂതന സംവിധാനം ഉപയോഗിച്ച് ജോയിന്റ് സർജനും ഓർത്തോപീഡിക് കൺസൾട്ടന്റുമായ ഡോ.സുജിത് ജോസിന്റെ നേതൃത്വത്തിൽ എട്ടുമാസം മുമ്പാണ് വയലിനിസ്റ്റ് വിനോദിൽ ശസ്ത്രക്രിയ നടത്തിയത്.
ഫ്രഞ്ച് നിർമ്മിതമായ വൈദ്യശാസ്ത്ര ഉപകരണം രാജ്യത്ത് ആദ്യമായി പ്രയോജനപ്പെടുത്തിയത് മുംബൈയിലായിരുന്നു. ദക്ഷിണേന്ത്യയിൽ നിലവിൽ എം.ഒ.എസ്.സി മെഡിക്കൽ കോളജിൽ മാത്രമാണ് ആർത്രോലാറ്റർജെറ്റ് സംവിധാനം ഉള്ളതെന്ന് ഡോ. സുജിത് ജോസ് പറഞ്ഞു.
സ്ഥിരമായി തോളിന്റെ കുഴ തെന്നുന്നതിനാൽ വിനോദിന് വയലിൻ വായിക്കുക പ്രയാസമായിരുന്നു. ചികിത്സകളൊന്നും ഫലം കാണാത്തതിനെ തുടർന്നാണ്എം.ഒ.എസ്.സിയിൽ ചികിത്സ തേടിയെത്തിയതെന്ന് വിനോദ് പറഞ്ഞു.
കീ ഹോൾ സർജറിയെ അപേക്ഷിച്ച് നൂതന ശസ്ത്രക്രിയയ്ക്ക് നിരവധി നേട്ടങ്ങളുണ്ട്. ശസ്ത്രക്രിയയ്ക്ക് സന്ധിയിലെ പേശികൾ മാറ്റേണ്ടതില്ല.
വേദനയും കുറവാണ്. തോളിലെ പാടുകൾ പൂർണമായും ഒഴിവാക്കാനും വേഗത്തിൽ സുഖം പ്രാപിക്കാനും കഴിയും. ശസ്ത്രക്രിയയിലൂടെ തോളിന്റെ സ്വാഭാവിക പ്രവർത്തനത്തിന് യാതൊരു മാറ്റവും സംഭവിക്കില്ല. രോഗിക്ക് പിന്നീട് നിർഭയം കായികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനാകുമെന്നും ഡോ.സുജിത് ജോസ് പറഞ്ഞു.
എം.ഒ.എസ്.സി മെഡിക്കൽ കോളേജ് സി.ഇ.ഒ ജോയ് ജേക്കബ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ്, അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടർ തോമസ് പി.വി, രോഗി വിനോദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വിനോദ് വയലിനും വായിച്ചു.