കൊച്ചി : പുതിയ നിയമവ്യവസ്ഥയിൽ നിന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് പത്തിന് രാവിലെ പത്തു മുതൽ വൈപ്പിൻ ഫിഷറീസ് ഓഫീസിൽ നിന്നു മാർച്ചും ഗോശ്രീ പാലം ഉപരോധവും നടത്തുമെന്ന് കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് പി.വി.ജനാർദ്ദനൻ ഉദ്‌ഘാടനം ചെയ്യും. പി.ബി.ദയാനന്ദൻ, ചാൾസ് ജോർജ്, ജാക്സൺ പൊള്ളയിൽ തുടങ്ങിയവർ സംസാരിക്കും.

കാളമുക്ക് ഫിഷ്ലാൻഡിംഗ് സെന്റർ സ്ഥാപിക്കുന്നതിന് സർക്കാർ അനുവദിച്ച ഫണ്ട് ഹാർബർ എൻജിനിയറിംഗ് വകുപ്പിന് കൈമാറാത്തതിൽ പ്രതിഷേധിച്ച് അന്ന് മുതൽ സാമ്പത്തിക നിസഹകരണ സമരം ആരംഭിക്കുമെന്നും അവർ പറഞ്ഞു. മത്സ്യഫെഡിനും സഹകരണ സംഘങ്ങൾക്കും കൊടുത്തുവരുന്ന നാല് ശതമാനം അധിക തുക ഇനി നൽകേണ്ടെന്നാണ് തീരുമാനം.

വൈപ്പിൻ ഹാർബർ നിർമ്മാണത്തിന് കഴിഞ്ഞ വർഷം നാലര കോടി രൂപ അനുവദിച്ചെങ്കിലും ഒരു രൂപ പോലും സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്ന് സമിതി സെക്രട്ടറി പി.വി. ജയൻ പറഞ്ഞു. പ്രസിഡന്റ് പി.വി. ചാൾസ്, സംസ്ഥാന സെക്രട്ടറി പി.വി. ദയാനന്ദൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇന്നത്തെ സമരം മാറ്റിവച്ചു

പുതിയ പെർമിറ്റ് നിയമത്തിൽ നിന്നും പരമ്പരാഗത ഇൻബോർഡ് വള്ളങ്ങളെ ഒഴിവാക്കാമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉറപ്പുനൽകിയതിനെ തുടർന്ന് ഇന്ന് പ്രഖ്യാപിച്ചിരുന്ന സമരത്തിൽ നിന്ന് പിൻമാറിയതായി ഭാരവാഹികൾ അറിയിച്ചു.

രജിസ്‌ട്രേഷൻ ഫീസ്, ലൈസൻസ് ഫീസ് എന്നിവ മുൻ കാലങ്ങളിലെ പോലെ നിലനിർത്തുക, പെലാജിക് വലകളുടെ ഉപയോഗം തടയാൻ ട്രോളിംഗ് ബോട്ടുകളെ കർശന പരിശോധനയ്ക്ക് വിധേയമാക്കുക, പട്ടിണിയിലായ മത്സ്യത്തൊഴിലാളികളുടെ തൊഴിൽനഷ്ടം കണക്കിലെടുത്ത് സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കാമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഉറപ്പുനൽകി.

തീരുമാനങ്ങൾ

നിയമങ്ങൾ പുന:പരിശോധിക്കാമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പരമ്പരാഗത മേഖലയിൽ ഇൻപൗണ്ടിംഗ് നടപടിക്രമങ്ങൾ താത്കാലികമായി നിർത്തിവച്ചു.

മത്സ്യബന്ധന യാനങ്ങളെ ഇൻബോർഡ്, മോഡിഫൈഡ്, പരമ്പരാഗതം എന്നിങ്ങനെ തരംതിരിച്ചതിൽ 20 മീറ്ററിന് മുകളിലുള്ള യാനങ്ങൾക്ക് പെർമിറ്റ് എടുക്കണമെന്ന നിയമത്തിൽ ഭേദഗതി വരുത്തും.

പൈലാജിക് വല വലിച്ച് മീൻ പടിക്കുന്ന ബോട്ടുകളെ കണ്ടുകെട്ടും