കിഴക്കമ്പലം: പട്ടിമ​റ്റത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫീസുകൾ സിവിൽ സ്‌​റ്റേഷൻ സംവിധാനത്തിൽ പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനായി കെട്ടിടസമുച്ചയം പട്ടിമ​റ്റം ജംഗ്ഷനു സമീപം നീലിമലയിലെ പുറമ്പോക്കു ഭൂമിയിൽ പണിയണമെന്നാണ് ആവശ്യം.

വൈദ്യുതി ബോർഡ്, ക്ഷീരകർഷക ഓഫീസ് തുടങ്ങിയവ വർഷങ്ങളായി വാടക കെട്ടിടത്തിലാണ്. വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, സർക്കാർ ഗസ്​റ്റ് ഹൗസ്, ഫയർ സ്​റ്റേഷൻ, സർക്കാർ ആശുപത്രി, വാട്ടർ അതോറി​റ്റി ഓഫീസ് എന്നിവയെല്ലാം നീലിമലയിലാണ് പ്രവർത്തിക്കുന്നത്. ഈ ഓഫീസുകളെല്ലാം ജനങ്ങളുടെ സൗകര്യത്തിനായി സിവിൽ സ്​റ്റേഷൻ സംവിധാനത്തിൽ പ്രവർത്തിച്ചാൽ പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാണ്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഇപ്പോൾ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ അന്വേഷിച്ചു നടക്കേണ്ട ഗതികേടിലാണ്.

പട്ടിമ​റ്റം പഞ്ചായത്ത് രൂപീകരണം ഗവൺമെന്റ് പരിഗണനയിലിരിക്കെ പഞ്ചായത്ത് ഓഫീസും നീലിമലയിൽ സ്ഥാപിക്കാനാകും. കുന്നത്തുനാട് പഞ്ചായത്തിന്റെ പരിധിയിലുള്ള പട്ടിമ​റ്റം പ്രദേശത്തുള്ളവർക്ക് സ്വന്തം പഞ്ചായത്തോഫീസിൽ എത്തണമെങ്കിൽ സമീപ പഞ്ചായത്തായ കിഴക്കമ്പലം വഴി ഒമ്പത് കിലോമീ​റ്റർ ചു​റ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്.

കോലഞ്ചേരിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു, കോലഞ്ചേരിയിലുള്ള സർക്കാർ ഓഫീസുകൾ സിവിൽ സ്റ്റേഷനിലേയ്ക്ക് വൈകാതെ മാറ്റും. ഒരു മണ്ഡലത്തിൽ ഒരു സിവിൽ സ്റ്റേഷനാണ് അനുമതിയുള്ളത്. പട്ടിമറ്റത്ത് ഇതിനുള്ള അനുമതിക്കായി സർക്കാരിലേക്ക് പ്രപ്പോസൽ നൽകുമെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ പറഞ്ഞു.