മൂവാറ്റുപുഴ : ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും കാർഷിക ക്ലബിന്റെയും ഹരിതസേനയുടെയും മറ്റ് ക്ലബുകളുടെയും മാറാടി കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി പ്രകാരം സ്‌കൂൾ വളപ്പിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി. വെണ്ട, ചീര, മുളക്, പയർ, വഴുതന, കത്രിക, പയർ, തക്കാളി തുടങ്ങിയ പച്ചക്കറി വിത്തുകളാണ് നട്ടത്. കൃഷിക്കായി പത്ത് സെന്റ് സ്ഥലം വിദ്യാർത്ഥികളുടെ സഹായത്തിൽ ഒരുക്കി. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കൃഷി വകുപ്പിന്റെ പച്ചക്കറി വിത്തുകൾ അടങ്ങിയ കിറ്റും നൽകി. മാറാടി കൃഷി ഓഫീസർ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റോണി മാത്യു, ഹെഡ്മാസ്റ്റർ കെ. സജികുമാർ, ശോഭന എം.എം, റനിത ഗോവിന്ദ്, ഡോ.അബിത രാമചന്ദ്രൻ, പൗലോസ്. ടി, വിനോദ് ഇ.ആർ, ചിത്ര, സിലി ഐസക്ക്, അനിത കെ.സി, ശ്രീകല. ജി, സമീർ സിദ്ദീഖി തുടങ്ങിയവർ പങ്കെടുത്തു.