ഉദയംപേരൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഉദയംപേരൂർ മേജർ ഏകാദശി പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ മതിൽക്കെട്ടിനുള്ളിൽ വാവുബലി തർപ്പണം നടത്തിയത് അരുതാത്തതെന്ന് ജ്യോതിഷികൾ.
ക്ഷേത്രവളപ്പിനുള്ളിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ബലിത്തറ ഒരുക്കിയായിരുന്നു തർപ്പണം. ക്ഷേത്ര ഉപദേശക സമിതിയുടെയും ക്ഷേത്രം മാനേജരുടേയും തെറ്റായ തീരുമാനമാണിതെന്നും ദേവന്റെ പ്രതിഷ്ഠയ്ക്ക് അനുയോജ്യമല്ലാത്ത നടപടിയാണെന്നും ഭക്തർ പറഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ഇന്നേ വരെ ഇതുപോലുള്ള ചടങ്ങുകൾ നടത്തിയിട്ടില്ല. പുതിയ ചടങ്ങുകൾ നടത്തുമ്പോൾ ദേവപ്രശ്‌നം വെക്കുന്നതും പതിവാണ്.
ഏറ്റുമാനൂർ, വൈക്കം ക്ഷേത്രം പോലുള്ള മഹാക്ഷേത്രങ്ങളിൽ ബലി തർപ്പണം നടത്താൻ ഇതിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടെങ്കിലും അവിടെയൊന്നും ബലിതർപ്പണം നടത്താറില്ല. അപൂർവം മഹാദേവ ക്ഷേത്രങ്ങളിൽ മാത്രമാണ് ബലിതർപ്പണം ഉള്ളത്.
ദേവസ്വം ബോർഡ് അനുമതിയുണ്ട്: മാനേജർ
പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ ബലിതർപ്പണം ആരംഭിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയുണ്ടെന്ന് ദേവസ്വം മാനേജർ അശോകൻ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും തർപ്പണം ആരംഭിക്കാനുള്ള ദേവസ്വം ബോർഡ് ഉത്തരവ് പ്രകാരമായിരുന്നു. ക്ഷേത്ര മതിൽക്കെട്ടിനകത്ത് നടത്തിയതിനെക്കുറിച്ച് ഒന്നും പറയാനില്ല.