ആലുവ: അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വമുറപ്പാക്കുന്ന 'ആവാസ് പദ്ധതി'യിൽ 80,000 പേരെ അംഗങ്ങളാക്കി ജില്ലക്ക് ചരിത്ര നേട്ടം. സംസ്ഥാന തലത്തിൽ ജില്ല ഒന്നാമതാണ്.
പദ്ധതിയാരംഭിച്ച് ഒന്നര വർഷം പിന്നിടുമ്പോൾ ജില്ലയിൽ 80,866 അതിഥി തൊഴിലാളികൾ അംഗങ്ങളായി. ഇതിൽ 73150 പുരുഷന്മാരും 7691 സ്ത്രീകളും 25 ഭിന്നലിംഗക്കാരുമാണ്. സംസ്ഥാനത്താകെ 3,97, 320 പേർ പദ്ധതിയിൽ അംഗങ്ങളായി കാർഡ് കൈപ്പറ്റി. 43,812 പേർ അംഗങ്ങളായ തിരുവനന്തപുരവും 34771പേർ അംഗങ്ങളായുള്ള കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലാണ് ഏറ്റവും കുറവ്. 9550 പേർ. . ഇവിടെ നിന്ന് മാത്രം 8016 പേർ പദ്ധതിയിൽ അംഗങ്ങളായി.
തൊഴിലുടമകളുടെ സഹായത്തോടെ തൊഴിലിടങ്ങളിൽ ചെന്നും തൊഴിലാളികളെ പദ്ധതിയിൽ ചേർക്കുന്നുണ്ട്. സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകളുള്ള അതിഥി തൊഴിലാളികളെയാണ് പദ്ധതിയിൽ ചേർത്ത് ആവാസ് കാർഡുകൾ നൽകുന്നത്. ഈ കാർഡ് പിന്നീടുള്ള അവരുടെ വിവിധ ആവശ്യങ്ങൾക്കുള്ള തിരിച്ചറിയൽ രേഖയായും ഉപയോഗിക്കാം. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ ജില്ലയിൽ രണ്ട് സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റുകൾ അനുവദിച്ചട്ടുണ്ട്.
അതിഥി തൊഴിലാളികൾക്കായി നടപ്പാക്കുന്ന കേരള കുടിയേറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം തൊഴിലാളികൾക്കുളള ആനുകൂല്യങ്ങളിലും വർദ്ധനവുണ്ട്. മരണമടയുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് നൽകിയിരുന്ന ധനസഹായം 10,000 രൂപയിൽ നിന്നും 25000 രൂപയാക്കി. ജോലിക്കിടയിൽ സംഭവിക്കുന്ന അപകടത്തിന് 50,000 രൂപയിൽ നിന്നും രണ്ടു ലക്ഷം രൂപയായും ഉയർത്തി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗത്വമെടുത്തിട്ടുളളവർക്കും ഇല്ലാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും.
സംസ്ഥാനത്ത് മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മരണപ്പെട്ട വ്യക്തി പദ്ധതിയിലംഗമാണെങ്കിലും അല്ലെങ്കിലും ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കും. ഇതിനായി 50000 രൂപ വരെ ചെലവഴിക്കാൻ ജില്ലാ ലേബർ ഓഫീസർമാർക്ക് അനുമതി നൽകി. ജില്ലാ ലേബർ ഓഫീസർമാർക്ക് രണ്ട് ലക്ഷം രൂപയുടെ റിവോൾവിംഗ് ഫണ്ടും അനുവദിച്ചിട്ടുണ്ട്.
ആവാസ് പദ്ധതി:ജില്ലയിൽ 80000 അംഗങ്ങൾ
ആവാസ് പദ്ധതി
അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തുക, ചൂഷണമൊഴിവാക്കുക
പെരുമ്പാവൂരിൽ പ്രത്യേക സഹായ കേന്ദ്രം
കാർഡുടമക്ക് സർക്കാർ ആസ്പത്രിയിൽ 15,000 രൂപ വരെയുള്ള സൗജന്യ ചികിത്സ
മരണമടഞ്ഞാൽ രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ