ഫോർട്ട് കൊച്ചി:52 ദിവസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞ് സംസ്ഥാനത്തെ 3600ൽ പരം ബോട്ടുകൾ ഇന്നലെ രാത്രി കടലിലേക്ക് പുറപ്പെട്ടു. തോപ്പുംപടി മുനമ്പം ഹാർബറുകളിൽ നിന്നു മാത്രം 750 ഓളം മൽസ്യബന്ധന ബോട്ടുകളാണ് ഇന്നലെ പുറപ്പെട്ടത്.
കുളച്ചൽ സ്വദേശികളായ തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്നലെ തിരിച്ചെത്തി. ഇവിടെ നിരോധനം ഉള്ളപ്പോൾ തമിഴ്നാട്ടിൽ മത്സ്യ ബന്ധനം നടത്താം. അതുകൊണ്ട് തന്നെ കുളച്ചൽകാർക്ക് 365 ദിവസവും കടലിൽ ജോലിയുണ്ടാകും.
കിളിമീൻ, നാരൻ ചെമ്മീൻ, കൊഴുവ എന്നിവ വൻതോതിൽ ലഭിക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.
നിരോധനം കഴിഞ്ഞ് കടലിലിറങ്ങുമ്പോൾ ലഭിക്കുറുള്ള കോക്കാൻ ചാള ഇപ്പോൾ മഷി ഇട്ട് നോക്കിയാലും കാണാത്ത അവസ്ഥയാണ്.
നിരോധനം ബാധകമല്ലാത്ത വള്ളങ്ങൾക്കും പരമ്പരാഗത തൊഴിലാളികൾക്കും ഇത്തവണത്തെ മത്സ്യബസനം നഷ്ടത്തിന്റെ കണക്കുകൾ മാത്രമാണ് നിരത്തുന്നത്. ഡീസലിന്റെ സബ്സിഡി എടുത്ത് കളഞ്ഞതും വില കുത്തനെ കൂട്ടിയതും തൊഴിലാളികൾക്ക് വിനയായി.
ലൈസൻസ് ഫീസ് കുത്തനെ ഉയർത്തിയതും ഇവരെ വലക്കുകയാണ്. മത്സ്യം ഇല്ലാതായതോടെ സംസ്ഥാനത്തെ പകുതിയിലേറെ ഐസ് കമ്പനികളും അടച്ചു പൂട്ടി. പല മൽസ്യ സംസ്ക്കരണ ശാലകളും മറ്റ് ഭക്ഷ്യവസ്തുക്കളിലേക്ക് തിരിയുകയാണ്.