കൊച്ചി: മലയാളിയുടെ ഗസൽനാദം ഉമ്പായി ഓർമ്മയായിട്ട് ഇന്നേയ്ക്ക് ഒരാണ്ട്. 68ാം വയസിൽ ഈ ലോകത്തോട് വിടപറയുമ്പോൾ അദ്ദേഹം ബാക്കി വച്ചത് കേട്ടാലും കൊതിവരാത്ത ഒരുപിടി മലയാളം ഗസൽഗാനങ്ങളാണ്. പ്രണയവും വിഷാദവും ആനന്ദവുമെല്ലാം ആ ശബ്ദസംഗീതത്തിൽ മലയാളി അത്രയേറെ രസിച്ചിരുന്നു.
1952ൽ മട്ടാഞ്ചേരിയിൽ ജനിച്ച ഇബ്രാഹിം എന്ന കുട്ടി വളർന്നത് കല്ല്യാണവീടുകളിൽ മെഹബൂബിന്റെ ഗസൽ കേട്ടായിരുന്നു. അവൻ പാഠപുസ്തകങ്ങളേക്കാൾ പാട്ടിനെ ഇഷ്ടപ്പെട്ടെങ്കിലും പിതാവിന്റെ എതിർപ്പിനെ തുടർന്ന് ജോലി തേടി നാടുവിട്ടു. ഇബ്രാഹിം എന്ന മട്ടാഞ്ചേരിക്കാരൻ ഉമ്പായി എന്ന ലോകമറിയുന്ന ഗായകനിലേക്ക് വളർന്നത് അവിടെ നിന്നായിരുന്നു. മുംബയിൽ പിതാവിന്റെ സഹോദരനൊപ്പം തൊഴിൽ പഠിക്കാനാണ് പോയതെങ്കിലും സംഗീതം പഠിക്കാനുള്ള വഴികളാണ് തേടിയത്. ആ അലച്ചിൽ അവസാനിച്ചത് ഉസ്താദ് മുനാവർ അലിഖാന്റെ ശിഷ്യത്വത്തിലും. തബലയിൽ സ്റ്റാറായി തിരികെ നാട്ടിലെത്തിയ ഉമ്പായി കൂട്ടുകാരുമൊത്ത് കല്ല്യാണവീടുകളിൽ സംഗീത രാവുകളൊരുക്കി. രാഗ് എന്ന പേരിൽ ഒരു ഗ്രൂപ്പ് രൂപീകരിച്ചു. രാഗ് പിന്നീട് മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര ആയി. ഈ കൂട്ടായ്മകളിലിരുന്ന് ഹാർമോണിയവും പാട്ടും ഗുരുക്കന്മാരില്ലാതെ പഠിച്ചെടുക്കുകയായിരുന്നു ഉമ്പായി. ഒരിക്കൽ ഹോട്ടലിൽ പരിപാടി അവതരിപ്പിക്കാൻ പോയപ്പോഴാണ് ഉമ്പായിക്ക് പൊതുവേദിയിൽ പാടാനുള്ള അവസരം ലഭിക്കുന്നത്. ഉമ്പായിയുടെ ശബ്ദത്തിന് ആരാധകരായി. അദ്ദേഹം പാടിയ ആൽബം കാസറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഗസലെന്നാൽ ഉമ്പായി എന്ന് മലയാളികൾ പറയാൻ തുടങ്ങി.
കഴിഞ്ഞ വർഷം മാർച്ച് 8ന് കുവൈറ്റിൽ പരിപാടി അവതരിപ്പിക്കാൻ പോകവെയാണ് അദ്ദേഹത്തിന് കാൻസർ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സ തേടിയെങ്കിലും ആഗസ്റ്റ് 1ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.
ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഉമ്പായിയുടെ ഒന്നാംചരമവാർഷികം നാളെ (വെള്ളി) അനുസ്മരണ യോഗം സംഘടിപ്പിക്കും. വൈകിട്ട് 6ന് ഗ്രന്ഥശാല ഹാളിൽ ചേരുന്ന യോഗം ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ഉമ്പായിയുടെ ആദ്യ മലയാളം ഗസലിന് വരികളെഴുതിയ കവി വേണു വി ദേശം മുഖ്യപ്രഭാഷണം നടത്തും. റിസബാവ, നാസർ ലത്തീഫ്, ഡോ.എൻ.എസ്.ഡി രാജു, ഹുസൈൻ എം.എം.ഒ തുടങ്ങിയവർ സംസാരിക്കും. ഉമ്പായിയുടെ സഹോദരി പുത്രനും ഗായകനുമായ സി.കെ സാദിഖിന്റെ നേതൃത്വത്തിൽ ഗായകസംഘം ഉമ്പായിയുടെ ഗസലുകൾ അവതരിപ്പിക്കും.