മൂവാറ്റുപുഴ: കാർ നിയന്ത്രണം വിട്ട് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി ഒമ്പതോളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ അഞ്ച് വാഹനങ്ങളും തകർന്നു. ഇന്നലെ വൈകിട്ട് ആറോടെ എം.സി റോഡിൽ മൂവാറ്റുപുഴക്ക് സമീപം പുളിഞ്ചോട് കവലയിലായിരുന്നു അപകടം. ഉഴവൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവകാർ പെരുമ്പാവൂർ ഭാഗത്ത് നിന്നും മൂവാറ്റുപുഴയിലേക്ക് വരുന്ന വഴി എതിർദിശയിലുള്ള ചുക്കുടു ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് എന്ന വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

പാർക്ക് ചെയ്തിരുന്നതും അല്ലാത്തതുമായ നാല് വാഹനങ്ങൾ ഇടിച്ച് തകർത്ത കാർകടയ്ക്ക് മുന്നിൽ നിലത്തുള്ള ബോർഡും തകർത്ത് വ്യാപാര സ്ഥാപനത്തിനകത്ത് കയറിയാണ് നിന്നത്. കടയുടമ ചെളിക്കണ്ടത്തിൽ സിദ്ദീഖ് (46) , ഭാര്യ

റീന (40), ബൈക്ക് യാത്രികനായ അരുൺകുമാർ എന്നിവരുൾപ്പെടെ ഒമ്പതോളം പേർക്ക് പരിക്കേറ്റു. കടയ്ക്കകത്തും പുറത്തുമായി ഉണ്ടായിരുന്നവർക്കാണ് പരിക്ക്. ഇന്നോവയിലുണ്ടായിരുന്നവർക്കും ചെറിയ പരുക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവിടെ പ്രവർത്തിച്ചിരുന്ന കട ദിവസങ്ങൾക്ക് മുമ്പാണ് സിദ്ദിഖ് ഏറ്റെടുത്തത്. അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.