rambootan
തൊടുപുഴ കോളപ്രയിലുള്ള റമ്പൂട്ടാൻ കൃഷിയിടത്തിൽ രാജു സി. ഗോപാലും ഭാര്യ അജിതകുമാരിയും

തൊടുപുഴ:റിട്ട ഹെഡ് മാസ്റ്റർ രാജു സാർ പുരയിടത്തിലെ റബർമരംവെട്ടി റമ്പുട്ടാൻ നടപ്പോൾ ഇതൊരു പണം കായ്ക്കുന്ന മരം നടീലാണെന്ന് നാട്ടുകാർ കരുതിയില്ല. ഇപ്പോൾ കൈനിറയെ പണം, പെൻഷൻ കാലത്തിന്റെ ആകുലതകളില്ല, കൃഷി തന്നെ ജീവിതം.

അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് കൂവപ്പള്ളി സി.എം.എസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കോളപ്ര ചെളിക്കണ്ടത്തിൽ രാജു സി. ഗോപാലും ഇതേ സ്കൂളിലെ അദ്ധ്യാപികയായിരുന്ന ഭാര്യ കെ.ആർ. അജിതകുമാരിയും വിരമിക്കുന്നത്. ഇപ്പോൾ ഇവരുടെ വാർഷിക വരുമാനം കേട്ടാൽ ഞെട്ടും- 14 ലക്ഷം രൂപ. മാസം ഒരു ലക്ഷം രൂപയിലേറെ. പെൻഷൻ മാത്രമുള്ള അദ്ധ്യാപകദമ്പതികൾക്ക് ലക്ഷങ്ങൾ നേടി തരുന്നത് കടൽ കടന്നെത്തിയ ഒരു മരമാണ്.- റമ്പൂട്ടാൻ. ഇടുക്കിയിലെ ഏതൊരു കർഷകനെയും പോലെ റബറായിരുന്നു രാജു സാറിന്റെയും കൃഷി. വർഷം രണ്ടര ലക്ഷം രൂപയോളം മുടക്കിയിട്ട് ഷീറ്റിന് മികച്ച വിലയുണ്ടായിരുന്ന വർഷം പോലും കിട്ടിയത് അഞ്ച് ലക്ഷം രൂപ. ഈ സമയത്താണ് സുഹൃത്തായ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഒരു റമ്പൂട്ടാൻ തൈ നൽകുന്നത്. വീട്ടുവളപ്പിൽ നട്ടുവളർത്തിയ തൈ മൂന്നാം വർഷം കായ്ച്ചു. റോഡരികിൽ നിൽക്കുന്ന പഴം വാങ്ങാൻ കച്ചവടക്കാരെത്തിയപ്പോഴാണ് രാജുവിന് റമ്പൂട്ടാന്റെ വിപണിമൂല്യം മനസിലായത്. പിന്നെ ഒന്നും നോക്കിയില്ല, മൂന്ന് ഏക്കറിലെ റബർമരം വെട്ടി മുഴുവൻ റമ്പൂട്ടാൻ വച്ചുപിടിപ്പിച്ചു. അവിടെ 188 തൈകളാണ് നട്ടത്. ബഡ് തൈയ്ക്ക് അന്ന് 150 രൂപയായിരുന്നു വില. ആകെ ചിലവ് ഒരു ലക്ഷം രൂപയ്ക്ക് താഴെ. മൂന്നാം വർഷം മുതൽ മരം നിറയെ ചുവപ്പണിഞ്ഞു. ഒരു മരത്തിൽ ശരാശരി 60 കിലോ വീതം പഴങ്ങൾ. 2017ൽ പഴങ്ങളെല്ലാം കൂടി വിറ്റത് 13 ലക്ഷം രൂപയ്ക്കാണ്. ഈ വർഷം വിറ്റത് 14 ലക്ഷത്തിന്. സംഗതി വൻവിജയമായതോടെ അടുത്ത് തന്നെ മറ്റൊരു മൂന്ന് ഏക്കർ കൂടി വാങ്ങി റമ്പൂട്ടാൻ നട്ടിട്ടുണ്ട്. അദ്ധ്യാപക ദമ്പതികളുടെ ഏക മകൾ ആയുർവേദ ഡോക്ടറാണ്- സി. നീതുരാജ്.

കൃഷി രീതി

വർഷത്തിൽ രണ്ട് തവണ സംയോജിത വളപ്രയോഗം നടത്തണം. നന്നായി നനയ്ക്കണം.

വിളവെടുപ്പ്

പഴം പാകമാകുമ്പോൾ തന്നെ കച്ചവടക്കാരെത്തും. വിലയുറപ്പിച്ചുകഴിഞ്ഞാൽ മരത്തിന്റെ സംരക്ഷണം അവർ ഏറ്റെടുത്തോളും. പക്ഷികളും വികൃതികുട്ടികളും പഴങ്ങൾ തൊടാതിരിക്കാൻ മരത്തിന് ചുറ്റും വലകെട്ടി സംരക്ഷിക്കും. കിളികളെ ഓടിക്കാൻ പടക്കവും പൊട്ടിക്കും. ജനുവരിയിൽ പൂവിട്ടാൽ ജൂൺ മാസത്തിൽ വിളവെടുക്കാം. മരത്തിൽ കയറി കുട്ടയിൽ ശേഖരിച്ചും കോണിയിൽ കയറി തോട്ടി ഉപയോഗിച്ച് കുലയോടെയും പഴം പറിയ്ക്കാം. പൊതുവിപണിയിൽ ഒരു കിലോ പഴത്തിന് 200 മുതൽ 250 രൂപ വരെ വിലയുണ്ട്.

അക്കരെ നിന്നെത്തിയ മധുരം

മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്ന ഫലമാണ് റമ്പൂട്ടാൻ. പെൺമരമാണ് കായ്ക്കുക. കട്ടിയുള്ള രോമാവൃതമായ പുറംതോടിനുള്ളിലുള്ള വെളുത്ത വഴുവഴുപ്പുള്ള ജെല്ലിയാണ് കഴിക്കുന്നത്. വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്,​ പ്രോട്ടീൻ,​ കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ, ഹൈപ്പർടെൻഷൻ, കാൻസർ, അനീമിയ തുടങ്ങിയ രോഗങ്ങൾ തടയും.

മധുരം തരും മൂന്ന് തരം

കിംഗ്,​ എൻ18,​ എൻ35 എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം റമ്പൂട്ടാനാണുള്ളത്. ഇതിൽ മഞ്ഞ നിറത്തിലുള്ള എൻ35 ആണ് സ്വാദിൽ മുമ്പൻ. ഓറഞ്ച് നിറമുള്ള എൻ18 ആണ് വിപണിയിൽ സുലഭമായി കാണുന്നത്.