കസ്തൂരിരംഗൻ അലയൊലിയിൽ 2014ൽ നഷ്ടമായ ഇടുക്കി ലോക്സഭാ മണ്ഡലം ചരിത്രത്തിലെ വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചാണ് യുവതുർക്കി ഡീൻ കുര്യാക്കോസ് ഇന്ദ്രപ്രസ്ഥത്തിലേക്ക് വിമാനം കയറിയത്, ജില്ലാ നേതൃത്വം പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം ! യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളുള്ള എം.പിയെന്ന കുപ്രസിദ്ധിയും പൊതുവെ സൗമ്യനായ ഡീനിന്റെ പേരിലുണ്ട്. ആദ്യമായി പാർലമെന്റിലെത്തുന്ന ഡീൻ ഇടുക്കിയെക്കുറിച്ചുള്ള സ്വപ്നങ്ങളെക്കുറിച്ച് പറയുന്നു.
ഈ വലിയ വിജയത്തിന് കാരണമെന്താണ് ?
ജനങ്ങളുടെ പരാതികളും പ്രതീക്ഷകളും തന്നെ. ഒപ്പം ഇടതുപക്ഷത്തോടുള്ള എതിർപ്പുമുണ്ട്. കഴിഞ്ഞതവണ തോറ്റപ്പോഴും അഞ്ചുവർഷം ഞാൻ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. ജനങ്ങൾക്ക് പ്രാപ്യനായ ജനപ്രതിനിധിയാകുക എന്നതാണ് വലിയ കാര്യം. ജനങ്ങളുടെ പ്രതീക്ഷകൾ പരമാവധി നിറവേറ്റുന്ന തരത്തിൽ പ്രവർത്തിക്കണം. അതിനാണ് ഹൈറേഞ്ചിലും ലോറേഞ്ചിലുമായി രണ്ട് എം.പി ഓഫീസുകൾ പ്രവർത്തനമാരംഭിച്ചത്.
ഏറ്റവുമധികം ക്രിമിനൽ കേസുകളുള്ള എം.പിയായി പാർലമെന്റിലെത്തിയപ്പോഴുള്ള അനുഭവം?
204 ക്രിമിനൽ കേസുകളുള്ള എം.പിയെന്ന് ദേശീയ മാദ്ധ്യമങ്ങളിലൊക്കെ വാർത്ത വന്നതിനാൽ സത്യപ്രതിജ്ഞാ സമയത്ത് ചർച്ചയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റ് പാർട്ടിക്കാരായ ചിലർ ഇതേക്കുറിച്ച് അന്വേഷിച്ചു. അവരോട് കാര്യങ്ങൾ വിശദീകരിച്ചു. എന്റെ രണ്ട് സഹപ്രവർത്തകരെ അരുംകൊല ചെയ്തപ്പോൾ ആഹ്വാനം ചെയ്ത ഹർത്താലിന്റെ പേരിലുള്ള കേസുകൾ ഏറ്റെടുക്കാൻ തയാറാണ്. എന്നാൽ അക്രമങ്ങൾ നടന്നെന്ന പേരിലെടുത്തത് മുഴുവൻ കള്ളക്കേസാണ്. കേരള രിത്രത്തിലെ ഏറ്റവും സമാധാനപരമായ ഹർത്താലായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെയും നിർദ്ദേശമനുസരിച്ചാണ് എനിക്കെതിരെ കള്ളക്കേസെടുത്തത്. ഇത് ഭരണഘടനയോട് നീതിപുലർത്താത്ത മനുഷ്യാവകാശ ലംഘനമാണ്. നിയമപരമായി നേരിടാൻ തയാറാണ്. ഒരു കേസിൽപ്പോലും ജാമ്യമെടുക്കാൻ തയാറല്ല. കേസ് ചാർജ്ജ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് പോലുമറിയാം ഞാൻ കുറ്റക്കാരനല്ലെന്ന്. കുറ്റവാളിയല്ലാത്ത എന്നെ അറസ്റ്റ് ചെയ്യാൻ ഏത് പൊലീസുകാരനാണ് ധൈര്യം? ഹൈക്കോടതിയിൽ ഭരണഘടനാപരമായ ചോദ്യങ്ങൾ ഉയർത്തും. ഹർത്താലിനെതിരെ ഒരക്ഷരം മിണ്ടാൻ യോഗ്യതയില്ലാത്ത പാർട്ടിയാണ് സി.പി.എം.
മലയോര ജനതയുടെ തലയ്ക്ക് മുകളിലെ വാളായ കസ്തൂരിരംഗൻ വിഷയം എങ്ങനെ പരിഹരിക്കും?
കസ്തൂരിരംഗൻ വിഷയത്തിൽ യു.പി.എ സർക്കാരിന്റെ നിലപാട് തന്നെയാണ് എൻ.ഡി.എയുടേതും. റിപ്പോർട്ടിൽ യു.ഡി.എഫ് സർക്കാരിന്റെ നിലപാടിനനുസരിച്ചാണ് യു.പി.എ സർക്കാർ കരട് വിജ്ഞാപനമിറക്കിയത്. കരട് വിജ്ഞാപനത്തിൽ 9997.3 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് ഇ.എസ്.എ (പരിസ്ഥിതി ദുർബല മേഖല) നിലനിൽക്കുന്നത്. ഇ.എസ്.എ അംഗീകരിച്ച് കഴിഞ്ഞ എൻ.ഡി.എ സർക്കാർ ഡിസംബറിൽ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിൽ നിന്നും എൻ.ഡി.എ സർക്കാരിന്റെ നിലപാട് വ്യക്തമാണ്. അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിന് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതുന്നില്ല.
പ്രളയത്തിൽ തകർന്ന ഇടുക്കിയുടെ പുനർനിർമാണം എങ്ങനെ ?
പുനർനിർമാണത്തിൽ സർക്കാരിന്റേത് നിരുത്തരവാദപരമായ പെരുമാറ്റമാണ് . പ്രളയം കഴിഞ്ഞ് ഒരു വർഷമായിട്ടും അഞ്ച് പൈസ പോലും ആനുകൂല്യം ലഭിക്കാത്ത നിരവധിപ്പേരുണ്ട്. ജീയോ ടാഗ് സംവിധാനത്തിലെ അപകാതകൾ മൂലം പലർക്കും അർഹമായ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. പല കാരണങ്ങൾ പറഞ്ഞ് സർക്കാർ ജനങ്ങളെ തഴയുകയാണ്. ഉരുൾപൊട്ടലിൽ വീട് ഒലിച്ചുപോയവരോട് കരമടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. സർക്കാരിന്റെ ഉദാരസമീപനം കൊണ്ടു മാത്രമേ പുനർനിർമാണം സാദ്ധ്യമാകൂ. ജില്ലയ്ക്കായി ഞാൻ കേന്ദ്രസർക്കാരിനോട് ഒരു പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആത്മഹത്യയുടെ വക്കിലായ ഇടുക്കിയിലെ കർഷകരെ എങ്ങനെ രക്ഷിക്കാനാകും?
കാർഷിക വായ്പകളിന്മേലുള്ള മൊറട്ടോറിയം നീട്ടണമെന്ന ആവശ്യം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ മുന്നിലും വിഷയം അവതരിപ്പിച്ചിട്ടുണ്ട്. അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് വിശ്വാസം. അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭമല്ലാതെ മാർഗമില്ല. രണ്ട് സർക്കാരുകളും ഇടുക്കിയെ തഴയുകയാണ്. മൊറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ശാശ്വത പരിഹാരമാകില്ല. പലിശ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കർഷകന്റെ വരുമാനം നിലച്ചു. വരുമാനമാർഗം തിരിച്ചുകൊണ്ടുവരാൻ സർക്കാർ പദ്ധതികളുണ്ടാകണം. സർക്കാരിന്റെ ഇടുക്കി പാക്കേജ് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തട്ടിപ്പായിരുന്നു. അതിനാലാണ് ഞാൻ കേന്ദ്രപാക്കേജ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകും.
വീണ്ടുമൊരു കസ്റ്റഡി മരണം കൂടി, അതും സ്വന്തം മണ്ഡലത്തിൽ ?
പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. എന്ത് ചെയ്താലും സംരക്ഷിക്കാൻ ഭരണനേതൃത്വമുണ്ടെന്ന തോന്നലിലാണ് കസ്റ്റഡിമരണങ്ങൾ തുടരുന്നത്. നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയില്ല. അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചത് പണം തട്ടിയെടുക്കാനാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എസ്.പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന ഇത്തരം സംഭവങ്ങളിൽ ഒന്നാം പ്രതിയായി നിൽക്കുന്നത് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവുമാണ്. അവരുടെ സംരക്ഷണ കവചം ക്രിമിനലുകളായ പൊലീസുകാരുടെ മേലുണ്ട്.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് എന്താണ് ശാശ്വത പരിഹാരം?
പട്ടയം ഉൾപ്പെടെയുള്ള ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ യു.ഡി.എഫ് സർക്കാർ ഒന്നൊന്നായി പരിഹരിച്ച് വരികയായിരുന്നു. അഞ്ചുവർഷംകൊണ്ട് യു.ഡി.എഫ് സർക്കാർ 42,000ലധികം പട്ടയം വിതരണം ചെയ്തു. മൂന്ന് വർഷം കഴിഞ്ഞിട്ടും പതിനയ്യായിരത്തിൽ താഴെ മാത്രമാണ് ഈ സർക്കാർ നൽകിയത്. യു.ഡി.എഫ് സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിന് മുമ്പുതന്നെ പത്തുചെയിൻ മേഖലയിലെ മുഴുവൻ മേഖലയിലും പട്ടയം വിതരണം ചെയ്യാൻ തീരുമാനിച്ചതാണ്. ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. മൂന്നാറിലെ എട്ട് വില്ലേജുകളിലടക്കം സങ്കീർണമായ പ്രശ്നങ്ങളുണ്ട്. ഭൂപ്രശ്നങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ജാഗ്രതയുണ്ടായിട്ടില്ല.
എന്താണ് സ്വപ്നപദ്ധതി?
ഇടുക്കിയ്ക്ക് ഒരു കായികസർവകലാശാല എന്റെ സ്വപ്നപദ്ധതിയാണ്. ധാരാളം കായികപ്രതിഭകളെ വാർത്തെടുത്ത ജില്ലയാണ് ഇടുക്കി. ദേശീയകായികമേളകളിലടക്കം ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് കേരളമാണ്. സംസ്ഥാനതലത്തിൽ ഏറ്റവുമധികം മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ളത് ഇടുക്കിയാണ്. ഇടുക്കിയിലെ കുട്ടികളുടെ കായികക്ഷമത പരിപോഷിക്കാൻ ഹൈആൾട്ടിറ്റ്യൂഡ് സ്റ്റേഡിയങ്ങളും പരിശീലന കേന്ദ്രങ്ങളും വേണം. മണിപ്പൂരിൽ ഒരു കായിക സർവകലാശാലയുണ്ട്. രണ്ടാമത്തേത് കേരളത്തിലാകണം, അതിന് അനുയോജ്യം ഇടുക്കിയാണ്. ഇതിന് വേണ്ടി ശ്രമിക്കും.