തൊടുപുഴ: രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി പൊലീസിനെ കയറൂരി വിടുകയാണെന്ന് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോർജ്‌ ജോസഫ് പറഞ്ഞു. ജനദാതൾ (യു.ഡി.എഫ് )ജില്ലാ കൺവെൻഷൻ തൊടുപുഴ പെൻഷൻ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ പൊലീസ് ക്രിമിനലുകളും പിടിച്ചു പറിക്കാരും മാഫിയകളുമായി മാറുന്ന കാഴ്ചയാണ് ദൈദിനം കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഇരയാണ് പീരുമേട് സബ് ജയിലിൽ മരിച്ച റിമാന്റ് പ്രതി രാജ്കുമാർ. യോഗത്തിൽ ജില്ലാ പ്രസിഡന്റ് രാജു ജോർജ് മുണ്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷഷർ ജേക്കബ്‌ തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.എസ്. സിറിയക്,​ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഡി. ജോർജ്, ജില്ലാ ജനറൽ സെക്രട്ടറി ജോസ് ചുവപ്പുങ്കൽ, വിൻസന്റ് കട്ടിമറ്റം, സെബാസ്റ്റൻ വാണിയപ്പുരയ്ക്കൽ, കെ.ഇ. കോശി, കെ.കെ. ഷുക്കൂർ, റോണി തോട്ടുങ്കൽ, ജോസ് ആനക്കല്ലാമല എന്നിവർ സംസാരിച്ചു.