njattuvela

ഇടുക്കി:കാർഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് കർഷക ക്ഷേമ വകുപ്പും ആത്മ ഇടുക്കിയും സംയുക്തമായി നടത്തി വരുന്ന ഞാറ്റുവേല ചന്ത എന്ന പദ്ധതി രണ്ടാം വർഷത്തിലേക്ക്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അടിമാലിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ നിർവ്വഹിച്ചു. പരമ്പരാഗത കൃഷിയിൽ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യം പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയും കർഷകരെ കൃഷിയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന്റെയും ഭാഗമായാണ് പരിപ്പാടി സംഘടിപ്പിച്ചത്. ഇടുക്കി പ്രിൻസിപ്പൽ കൃഷിഓഫീസർ ആൻസി ജോൺ പദ്ധതി വിശദീകരണം നടത്തി. കർഷകർക്കായി നടത്തിയ സെമിനാറിൽ കാലാവസ്ഥയിലുള്ള മാറ്റങ്ങളും അതിനനുസൃതമായ കൃഷിരീതികളെ ക്കുറിച്ചും അടിമാലി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഐവി കോശി വിശദീകരിച്ചു. കൃഷിവകുപ്പിന്റെ വിവിധ ഫാമുകൾ, കാർഷിക സർവ്വ കലാശാല, അഗ്രോ സർവ്വീസ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഗുണമേൻമയുള്ള വിത്തുകളും നടീൽ വസ്തുക്കളും ഞാറ്റുവേല ചന്തയിൽ കർഷകർക്കായി ഒരുക്കിയിരുന്നു. അടിമാലി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൻ നടന്ന ചടങ്ങിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ്, ആത്മ പ്രോജക്ട് ഡയറക്ടർ ബാബു റ്റി ജോർജ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.