ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനെ തത്‌സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സൂചന. എസ്.പിയുടെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചതെന്ന വിവരം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ലഭിച്ചു. ആദ്യഘട്ടത്തിൽ തെളിവ് നശിപ്പിക്കാൻ എസ്.പി ശ്രമിച്ച വിവരവും ലഭിച്ചിട്ടുണ്ട്.
രാജ്കുമാറിന്റെ കൈയിൽ നിന്ന് നിക്ഷേപകരുടെ പണം എങ്ങനെയും കണ്ടെത്തണമെന്ന് എസ്.പി അന്നത്തെ കട്ടപ്പന ഡിവൈ.എസ്.പിക്കും എസ്.ഐക്കും നിർദ്ദേശം നൽകിയിരുന്നത്രേ. എസ്.ഐയടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ ഫലിക്കുന്നില്ലെന്ന് കണ്ട് ഡിവൈ.എസ്.പിയോടും ചോദ്യം ചെയ്യാൻ നിർദ്ദേശിച്ചിരുന്നു.
12ന് വൈകിട്ട് കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആരോഗ്യനില മോശമാണെന്ന് 13നും 14നും എസ്.പിയെയും കട്ടപ്പന ഡിവൈ.എസ്.പിയെയും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് രണ്ട് ദിവസം കൂടി രാജ്കുമാറിനെ ക്രൂരമായി മർദ്ദിച്ചു. എസ്.പിയടക്കമുള്ളവരുടെ വാട്‌സ്ആപ് നമ്പരിലേക്ക് നെടുങ്കണ്ടം എസ്.ഐ ഉൾപ്പെടെ കുമാറിന്റെ ചിത്രവും കേസ് വിവരങ്ങളും യഥാസമയം നൽകിയിരുന്നു. എന്നാൽ, മരണം വിവാദമായതോടെ പ്രതിയെ നാല് ദിവസം കസ്റ്റഡിയിൽ വച്ച വിവരം അറിയില്ലെന്നായിരുന്നു എസ്.പി പറഞ്ഞത്. മാത്രമല്ല, പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റാണ് രാജ്കുമാർ മരിച്ചതെന്നും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും എസ്.പി റിപ്പോർട്ടുനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടം എസ്.ഐയടക്കമുള്ളവർക്കെതിരെ നടപടി വന്നത്.
അതേസമയം, സി.പി.എമ്മിന്റെ അടുത്തയാളായ എസ്.പിയെ സംരക്ഷിക്കാൻ മന്ത്രിതലത്തിലുള്ള നീക്കങ്ങളും സജീവമാണ്. നടപടി ഡിവൈ.എസ്.പി തലത്തിൽ അവസാനിപ്പിക്കാനാണ് നീക്കം.