policemen-transferred

ഇടുക്കി: ക്രൂരമായ മർദ്ദനത്തെ തുടർന്നുണ്ടായ അണുബാധയും ന്യുമോണിയയുമാണ് രാജ്കുമാറിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടും കുറ്റക്കാരായ പൊലീസുകാർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. എസ്.ഐയടക്കം എട്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതും സി.ഐ അടക്കം അഞ്ച് പേരെ സ്ഥലംമാറ്റിയതുമാണ് ഇതുവരെയുള്ള നടപടി.

രാജ്കുമാറിനെ കസ്റ്റഡിയിൽ ഉരുട്ടിയെന്ന വ്യക്തമായ സൂചന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. കാൽവെള്ളയിലും തുടയിലും മുട്ടിന് താഴെയുമായി 15 മുറിവുകളും ഏഴ് ചതവുകളുമുണ്ട്. നാല് വാരിയെല്ലുകൾ പൊട്ടി. തുട മുതൽ കാൽപാദം വരെ നാല് വലിയ ചതവുകളുണ്ട്. പരിക്കുകൾ കൂടുതലും അരയ്ക്ക് താഴെയാണ്. തടിക്കഷണം പോലുള്ളത് കൊണ്ട് മർദ്ദനമേറ്റ ചതവുകളാണ് അധികവും. വൃക്കകൾക്ക് നീരുവന്നു. മൂത്രാശയത്തിൽ വെള്ളത്തിന്റെ സാന്നിദ്ധ്യം ഇല്ലായിരുന്നു. മരണത്തിന് മുമ്പ് രാജ്കുമാർ വെള്ളം കുടിച്ചിരുന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കസ്റ്റഡി മർദ്ദനത്തിൽ ആരോപണവിധേയനായ നെടുങ്കണ്ടം സ്റ്റേഷനിലെ ഒരു പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരമുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല.