രാജാക്കാട് : തേനി വീരപാണ്ടിക്ക് സമീപം മലയാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് മരിച്ച രാജാക്കാട് വലിയകണ്ടം കോവലേൽ ഓമനക്കുട്ടന്റെ (46) മൃതദേഹം നാട്ടിലെത്തിച്ചു. രാജാക്കാട് എസ്.എൻ.ഡി.പി. ശാഖായോഗം അങ്കണത്തിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. പരേതനോടുള്ള ആദര സൂചകമായി കടകൾ അടച്ച് ഹർത്താൽ ആചരിച്ചു. പൊതു ദർശനത്തിന് ശേഷം ഉറ്റ ബന്ധുവിന്റെ വീട്ടിലേയ്ക്ക് മാറ്റിയ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി വൻ ജനാവലിയാണ് കാത്തുനിന്നത്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ട് വളപ്പിൽ നടക്കും.