രാജാക്കാട്: പ്രളയകാലത്ത് തകർന്ന വീടിന് പകരം പുതിയതിന്റെ നിർമ്മാണം നടക്കുന്നതിനിടെ മരണം ഓമനക്കുട്ടനെ കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം തേനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ നാട്ടുകാർക്ക് നഷ്ടമായത് സൗമ്യനായ ഒരു കൂട്ടുകാരനെയാണ്.രാജാക്കാട് വലിയകണ്ടം കോവലേൽ ഓമനക്കുട്ടൻ എന്ന നാൽപ്പത്തിയാറ്കാരൻ ഇരുപതിലേറെ വർഷം ടൗണിൽ ഉറ്റ ബന്ധുവിന്റെ പലചരക്ക് കടയിൽ ജീവനക്കാരനും നടത്തിപ്പികാരനുമെല്ലായിരുന്നു. സാധനങ്ങൾ വാങ്ങാനെത്തുന്നവരോടും ചുമട്ടുകാരോടും വാഹന ഡ്രൈവർമാരോടും മറ്റ് കച്ചവടക്കാരോടുമെല്ലാം അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. നല്ലൊരു കർഷകനും പൊതുപ്രവർത്തകനുമായ ഓമനക്കുട്ടൻ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെയും കർഷക സംഘടനയായ എസ്.പി.സി.എ, വി.എഫ്.പി.സി.കെ തുടങ്ങിയവയിൽ സജീവ പ്രവർത്തകനുമായിരുന്നു. വാസയോഗ്യമായ വീടില്ലെന്നത് അലട്ടിയിരുന്നു. ഉണ്ടായിരുന്ന വീട് പ്രളയകാലത്ത് തകർന്നുവീണെങ്കിലും സാമ്പത്തിക പരാധീനതകൾ മൂലം പുതിയത് പണിയാനായില്ല. അടുത്തയിടെയാണ് പുതിയ വീടിന്റെ പണികൾ ആരംഭിച്ചത്. ഭിത്തിവരെയുള്ള പണികൾ ചെയ്തതേയുള്ളു.
തമിഴ്നാട് കാണുന്നതിനായി ഭാര്യ ജെയ്നി, മക്കളായ നന്ദഗോപൻ, പ്രിയനന്ദ എന്നിവരുമായി കുടുംബസുഹൃത്ത് കമ്പിളികണ്ടം മങ്കുവ ജെമിനി തോമസിനും കുടുംബാംഗങ്ങൾക്കുമൊപ്പം ഞായറാഴ്ച്ച ജെമിനിയുടെ സ്കോർപ്പിയോയിൽ പോയതായിരുന്നു. തേനിയിൽ നിന്നും കമ്പത്തെ മുന്തിരിത്തോട്ടങ്ങൾ കാണാനായി പോകുന്നതിനിടെ വീരപാണ്ടിക്ക് സമീപം എത്തിയപ്പോൾ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഓമനക്കുട്ടൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റുള്ളവർക്കും സാരമായി പരിക്കേറ്റു. തലയ്ക്ക് ഉൾപ്പെടെ മാരകമായി പരിക്കേറ്റ ജെയ്നിയും, പ്രിയനന്ദയും മധുര അപ്പോളോ ആശുപത്രിയിൽ അപകടനില തരണം ചെയ്ത് വരികയാണ്. മറ്റുള്ളവർ തേനി ആശുപത്രിയിലും ചികിൽസയിലാണ്.
1. എസ്.എൻ.ഡി.പി ശാഖായോഗം അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ.
2. ഓമനക്കുട്ടന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്.