ജില്ലയിൽ ഓരോ ഗ്രൂപ്പിനും പ്രസിഡന്റുമാർ

ചെറുതോണി: കേരളകോൺഗ്രസിലെ പിളർപ്പ് ജില്ലാ കമ്മിറ്റികളിലേക്കും പോഷക സംഘടനകളിലേക്കും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം യോഗം ചേർന്ന് ഷിജോ തടത്തിനെ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി പകരം അഡ്വ. എബി തോമസിനെ തിരഞ്ഞെടുത്തിരുന്നു. ഇതോടെ മാണി വിഭാഗം യോഗം ചേർന്ന് ആ നടപടിയെ കടത്തിവെട്ടി. പാർട്ടി ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബിനെ നീക്കി പകരം ജോസ് പാലത്തിനാലിനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ചു. ഇതോടെ പാർട്ടിക്കും യൂത്ത് ഫ്രണ്ടിനും രണ്ട് ജില്ലാ പ്രസിഡന്റുമാരായി. മറ്റ് പോഷക സംഘടനകളും ജില്ലാ പ്രസിഡന്റുമാരെ മാറ്റി നിയമിക്കാനുള്ള നീക്കത്തിലാണ്. വനിതാ വിഭാഗത്തിൽ സെലിൻ കുഴിഞ്ഞാലിയും കെ.ടി.യു.സി.എം ജില്ലാ പ്രസിഡന്റ് ജോർജ് അമ്പഴവും കെ.എസ്.സി ജില്ലാ പ്രസിഡന്റ് ജോമറ്റ് ജോസഫുമാണ്. ഇവർ മൂന്നുപേരും ജോസ് കെ. മാണി വിഭാഗക്കാരാണ്. ജോസഫ് വിഭാഗം പ്രസിഡന്റുമാരെ ഉടൻ തിരഞ്ഞെടുക്കും. ഇരുവിഭാഗവും ചെയർമാൻ സ്ഥാനം സംബന്ധിച്ചും ചിഹ്നം സംബന്ധിച്ചും കോടതിയിൽ വെവ്വേറെ കേസുകൾ നൽകിയിട്ടുണ്ട്. കേസിന്റെ വിധി എന്തുതന്നെയായാലും ഇരുവിഭാഗവും രണ്ടായിട്ടാണ് പ്രവർത്തനം നടത്തുന്നത്. മണ്ഡലം വാർഡ് കമ്മറ്റികളിലും ഉടൻ വെവ്വേറെ കമ്മിറ്റികളുണ്ടാക്കുന്നതിനുള്ള നടപടികളാരംഭിച്ചു. രണ്ട് വിഭാഗവും യു.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്ന് പറയുന്നുണ്ടെങ്കിലും അനൗദ്യോഗികമായി മറ്റു ചർച്ചകളും നടത്തുന്നുണ്ട്.

ഫ്രാൻസിസും ജോസഫും ഒന്നിക്കുമോ

കെ.എം. മാണി ചെയർമാനായിരുന്നപ്പോൾ പിരിഞ്ഞുപോയ ഫ്രാൻസിസ് ജോർജ് ചെയർമാനായുള്ള ജനാധിപത്യ കേരള കോൺഗ്രസ് ഇപ്പോൾ ഇടതുപക്ഷത്താണ്. പിളർപ്പു യാഥാർത്ഥ്യമായാൽ ജനാധിപത്യ കേരള കോൺഗ്രസും ജോസഫ് വിഭാഗത്തിലേയ്ക്ക് ലയിക്കാനുള്ള ആലോചനയും നടത്തുന്നുണ്ട്. അണികളെല്ലാം ഇതിനോട് യോജിക്കുന്നുണ്ട്. കെ.എം. മാണിയും ജോസ് കെ. മാണിയുമായാണ് ഇവർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നത്. രണ്ടായാൽ ജനാധിപത്യ കേരള കോൺഗ്രസുമായി യോജിക്കുന്നതിന് തടസമില്ലെന്ന് നേതാക്കന്മാരും അണികളും ഒരുപോലെ പറയുന്നു. ജനാധിപത്യകേരള കോൺഗ്രസുമായി യോജിച്ചാൽ ശക്തി തെളിയിക്കുമെന്ന് ജോസഫ് ഗ്രൂപ്പ് പറയുന്നു.

നിയോജകമണ്ഡലങ്ങൾ ആർക്കൊപ്പം

 ജോസഫിനൊപ്പമുള്ള നിയോജകമണ്ഡലം പ്രസിഡന്റുമാർ- തൊടുപുഴ, ദേവികുളം

 ജോസ്. കെ മാണിക്കൊപ്പം- ഉടുമ്പഞ്ചോല, പീരുമേട്, ഇടുക്കി

യു.ഡി.എഫിന് തലവേദന

പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കിട്ടിയ അട്ടിമറി വിജയത്തെ തുടർന്ന് അടുത്ത തിരഞ്ഞെടുപ്പുകളിൽ ശക്തിതെളിയിക്കുന്നതിന് തയ്യാറെടുക്കുന്ന യു.ഡി.എഫിന് തർക്കം തലവേദനയായിരിക്കുകയാണ്. സഹകരണ ബാങ്കുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. അതിനാൽ കേരളകോൺഗ്രസിലെ തർക്കം പരിഹരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം സംസ്ഥാന ഭാരവാഹികളോടാവശ്യപ്പെട്ടിട്ടുണ്ട്.