കട്ടപ്പന: ഹൈറേഞ്ചിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മാലി മുളക് കൃഷിയിൽ കർഷകർക്ക് പ്രിയമേറുന്നു. കാർഷിക മേഖലയിൽ വൻ തകർച്ച അനുഭവപ്പെടുമ്പോൾ മുളകിന് ആശ്വാസവില ലഭിക്കുന്നതാണ് കർഷകരെ മുളക് കൃഷിയിലേക്ക് ചേർത്ത് നിർത്തുന്നത്. . തൃശൂരിലെ കോടാലി ഗ്രാമത്തിൽ പിറവിയെടുത്ത ഈ മുളകിന് മാലി ദ്വീപുകരാണ് ഏറെയും ആവശ്യക്കാർ എന്നതിനാൽ മാലി മുളകെന്ന പേരിലറിയപ്പെടുന്ന മുളകിന് കിലോയ്ക്ക് 90 മുതൽ 120 രൂപ വരെവില ലഭിക്കുന്നുണ്ട്. മുളകിന് വലിപ്പവും ഭാരവും ഉള്ളതിനാൽ ഇപ്പോൾ ലഭിക്കുന്ന വില തന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണ്. കിലോയ്ക്ക് 250 രൂപ വരെ ലഭിച്ചിട്ടുണ്ട്. അക്കാലും അതിവിദൂരമല്ല എന്ന പ്രതീക്ഷയിലാണ് കർഷകർ.

.തോപ്രാംകുടി, മുരിക്കാശേരി, ബഥേൽ, കുപ്പച്ചാം പടി എന്നിവിടങ്ങളിലാണ് മാലി മുളകു കൃഷിയാരംഭിച്ചത്.കട്ടപ്പന, ലബ്ബക്കട, എഴുകുംവയൽ, ഇരട്ടയാർ, നെടുങ്കണ്ടം എന്നിവിടങ്ങളിലേക്കും ഇപ്പോൾ കൃഷി വ്യാപിച്ചിട്ടുണ്ട്.മലയോര കാലാവസ്ഥയും മണ്ണും ചേര്‍ന്ന അനുകൂല സാഹചര്യമാണ്
വില ഉയർന്നെങ്കിലും കാലവർഷക്കെടുതിയിൽ കൃഷി നശിച്ചതും കാര്യമായ ഉൽപാദനം ഇല്ലാത്തതും കർഷകർക്കു തിരിച്ചടിയായി. കാലവർഷക്കെടുതിയിൽ ഈ മേഖലകളിലെല്ലാം വൻ കൃഷിനാശമുണ്ടായതിനാൽ വിപണിയിലേക്ക് എത്തുന്ന ഉത്പ്പന്നത്തിന്റെ അളവിൽ വളരെയധികം കുറവു വന്നിട്ടുണ്ട് . ഏലത്തിനൊഴിച്ച് മറ്റു കാര്ഷികവിളകൾക്കൊന്നും വേണ്ട വില ലഭിക്കാത്ത സാഹചര്യത്തിൽ മാലി മുളക് കൃഷിയിലേക്കു ഇറങ്ങുകയാണ് ഹൈറേഞ്ചിലെ കർഷകർ.കാർഷിക നഴ്സറികളിൽ നിന്നും മാലിമുളക് തൈകൾ വ്യാപകമായി വിറ്റഴിയുന്നതായി ഉടമകൾ പറയുന്നു .
ഹൈറേഞ്ചിൽ ഉൽപാദിപ്പിക്കുന്ന മാലി മുളകിൽ ഭൂരിഭാഗവും മാലദ്വീപിലേക്കാണു കയറ്റി അയയ്ക്കുന്നത്. ബോൾട്ട് ഇനമാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. പഴുത്തവ കേരളത്തിലെ വിപണികളിൽ വിറ്റഴിക്കുകയാണു ചെയ്യുന്നത്.