തൊടുപുഴ : പൊലീസ് കസ്റ്റഡിയിൽ മൃഗീയമായ മർദ്ദനമേറ്റ രാജ്കുമാറിന്റെ മരണം സംബന്ധിച്ച കേസ് തെളിയണമെങ്കിൽ ഇടുക്കി എസ്.പി ഉൾപ്പെടെയുള്ള ഉന്നതപൊലീസ് ഉദ്യോഗസ്ഥരെ ഡിപ്പാർട്ട്‌മെന്റിൽ നിന്നും മാറ്റി നിർത്തി അന്വേഷിക്കണമെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.കസ്റ്റഡി വിവരം എസ്.പി.യെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നതിന്റെ രേഖാമൂലമുള്ള അറിയിപ്പ് മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനുശേഷം എസ്.പി.യ്ക്ക് മിണ്ടാട്ടമില്ല. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ജൂൺ 12 മുതൽ 16 വരെയുള്ള സി.സി. ടി.വി.ദൃശ്യങ്ങൾ പലതും ഡിലീറ്റ് ചെയ്തതായാണ് അറിയുന്നത്. ഇത് ചെയ്തത് എസ്പിയുടെ നിർദ്ദേശപ്രകാരമാണ്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ജി.ഡി രജിസ്റ്റർ തിരുത്തപ്പെടാൻ സാദ്ധ്യതയുള്ളതു കൊണ്ട് എസ് പി വരെയുള്ളവരെ അടിയന്തിരമായി മാറ്റി നിർത്തണം.
എസ് പി യ്‌ക്കെതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ സാമൂഹ്യമായി ഇദ്ദേഹത്തെ കോൺഗ്രസ്സ് ബഹിഷ്‌കരിക്കുമെന്നും എസ് പിയുടെ പൊതുചടങ്ങുകളിലോ മീറ്റിംഗുകളിലോ കോൺഗ്രസ്സ് ജനപ്രതിനിധികൾ ആരും പങ്കെടുക്കുകയില്ലെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു. ഇന്ന് രാവിലെ 11ന് ഉടുമ്പൻചോല, നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റികളുടെ ആബിമുഖ്യത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തും. . ശനിയാഴ്ച്ച 11ന് ഇടുക്കി എസ് പി ഓഫീസിലേയ്ക്ക് ഡി സിസി യുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.