രാജാക്കാട്: ചെരുപുറം ലക്ഷംവീട് കോളനിയിൽ പടുതാഷെഡ്ഡിൽ കഴിയുന്ന എൺപത്തിരണ്ടുകാരനായ ജയരാജനും കുടുംബത്തിനും ഇടുക്കി രൂപതയും രാജാക്കാട് ഇടവകയും ചേർന്ന് വീട് വച്ചുനൽകും. കോളനിയിലെ മൂന്ന് സെന്റ് സ്ഥലത്ത് ഏതുനിമിഷവും കാറ്റെടുക്കാവുന്ന കുടിലിൽ രോഗങ്ങളോട് മല്ലടിച്ച് കഴിയുന്ന വൃദ്ധന്റെയ ദുരവസ്ഥ വാർത്തകളിലൂടെ അറിഞ്ഞാണ് സൗജന്യമായി വീട് നിർമ്മിച്ച് നൽകാൻ രൂപത അധികൃതർ തീരുമാനിച്ചത്. ഈ കുടുംബത്തിന്റെ റേഷൻ കാർഡ് എ.പി.എൽ വിഭാഗത്തിൽ ആയതിനാൽ ലൈഫ് പദ്ധതി പ്രകാരമുള്ള ഭവന നിർമ്മാണ സഹായം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 20 വർഷം മുൻപ് ലഭിച്ച വീട് ഇടിഞ്ഞുവീഴാറായതിനാൽ ഇതിനോട് ചേർന്ന് പടുതാക്കുടിൽ നിർമ്മിച്ചാണ് കഴിഞ്ഞുകൂടുന്നത്. ഈ കൂരയ്ക്കുള്ളിളിലെ ഇവരുടെ ദുരിത ജീവിതം വാർത്താപ്രാധാന്യം നേടി. ഇടവക വികാരി ഫാ.ജോബി വാഴയിൽ, ഫാ. ലിബിൻ മനയ്ക്കലേട്ട്, ഫാ.സിജോ മേക്കുന്നേൽ, ടൈറ്റസ് ജേക്കബ്ബ് എന്നിവർ കഴിഞ്ഞ ദിവസം കോളനി സന്ദർശിച്ച് ഇവരുടെ സ്ഥിതി നേരിട്ട് മനസ്സിലാക്കിയ ശേഷം വീട് നിർമ്മിച്ച് നൽകുമെന്ന് അറിയിക്കുകയായിരുന്നു.