ഇടുക്കി: ഇടുക്കി നിയോജകമണ്ഡലത്തിലെ മൂന്ന് പൊതുമാരാമത്ത് റോഡുകളുടെ പുനർനിർമ്മാണത്തിനായി 14.50 കോടി രൂപ അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിൻ എം.എൽ.എ. അറിയിച്ചു. ചേലച്ചുവട്- പെരിയാർ-മുരിക്കാശ്ശേരി റോഡിന് 7.50 കോടി രൂപയും കട്ടപ്പന-പാറക്കടവ്-ജോതിസ് (ബൈപ്പാസ്) റോഡിന് 3 കോടി രൂപയും ചാലിസിറ്റി പ്രകാശ് റോഡിന് 4 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പ്രളയത്തോടെ ജില്ലയിലെ നിരവധി റോഡുകളാണ് ഗതാഗതയോഗ്യമല്ലാതായി തീർന്നിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതും ത്രിതല പഞ്ചായത്തുകളുടെ കീഴിൽ വരുന്നതുമായ നിരവധി റോഡുകൾ സമയബന്ധിതമായി നവീകരിക്കേണ്ടതായിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകൾക്ക് മതിയായ തുക പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി റോഡു നവീകരണം സാദ്ധ്യമല്ലാത്തതിനാൽ ഇത്തരം റോഡുകൾ ഒരു ഒറ്റത്തവണ പദ്ധതിയുടെ ഭാഗമായെങ്കിലും നവീകരിച്ച് ഗതാഗതയോഗ്യമാക്കേണ്ടതായിട്ടുണ്ട്. പൊതുമരാമത്തു വകുപ്പുമുഖേന ടെണ്ടർ നടപടികൾ പൂർത്തിയാക്കി റോഡുകളുടെ പുനരുദ്ധാരണം സമയബന്ധിതമായി നടപ്പിലാക്കുമെന്നും എം.എൽ.എ. പറഞ്ഞു.