ഇടുക്കി : പ്രളയത്തിൽ പൂർണ്ണമായി വീട് നശിച്ച ഗുണഭോക്താക്കളുടെ ഭവന പുനർനിർമ്മാണ പുരോഗതിയുടെ വിവരങ്ങൾ സർക്കാർ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ വഴി രേഖപ്പെടുത്തുന്നനടപടി ജില്ലയിൽ ആരംഭിച്ചു. ഇടുക്കി, നെടുംങ്കണ്ടം, അടിമാലി, അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ ഹബുകൾ വഴിയാണ് വിവരശേഖരണം നടത്തുന്നത്. ജില്ലാ ലൈഫ് മിഷനാണ് ഇതിന്റെ ചുമതല. തെരഞ്ഞെടുക്കപ്പെട്ട 50 സന്നദ്ധപ്രവർത്തകർ വഴിയാണ് എല്ലാ ഗുണഭോക്താക്കളുടെയും വീട് സന്ദർശിച്ച് നിലവിലെ നിർമ്മാണ ഘട്ടത്തിന്റെ ചിത്രങ്ങൾ സഹിതം വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. സർക്കാർ സഹായത്തോടെ സ്വയം നിർമ്മാണം നടത്തുന്നത്, സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ നിർമ്മാണം നടക്കുന്നത്, സ്‌പോൺസർമാർ മുഖേന നിർമ്മാണം നടത്തുന്നത് എന്നിങ്ങനെ എല്ലാവിഭാഗത്തിൽപ്പെട്ടവയുടെയും ധനസഹായം ലഭിച്ച വിവരങ്ങൾ അടക്കം രേഖപ്പെടുത്തുന്നുണ്ട്. ജില്ലയിൽ ഇത്തരത്തിൽ പൂർണ്ണമായും നശിച്ച 1800 ഓളം വീടുകളുടെ വിവരശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. ഏതെങ്കിലും ഭവന നിർമ്മാണം ഉദ്ദേശിച്ച രീതിയിൽ പുരോഗതി കൈവരിച്ചിട്ടില്ലെങ്കിൽ തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഇത് സഹായിക്കും. ജൂലായ് 5 നകം മുഴുവൻ വീടുകളുടെയും വിവരശേഖരണവും ഫോട്ടോ അപ്‌ലോഡിങ്ങും പൂർത്തിയാകുമെന്ന് ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.